Cricket | കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിന്റെ ലോഗോ പ്രകാശനം സഞ്ജു സാംസണ്‍ നിര്‍വഹിച്ചു

 
Kerala Cricket League Player Auction
Kerala Cricket League Player Auction

Image Credit: Facebook/ Kerala Cricket League T20

ഔദ്യോഗിക ലോഞ്ചിംഗ് ഓഗസ്റ്റ്  31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജൻസിയിൽ ലീഗ് ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ നിർവഹിക്കും.

തിരുവനന്തപുരം: (KVARTHA) കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യത്തെ കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ശനിയാഴ്ച നടക്കും. രാവിലെ 10 മണി മുതൽ ഹയാത്ത് റീജൻസിയിൽ വച്ച് നടക്കുന്ന ലേലത്തിൽ 168 കളിക്കാരെ വിവിധ ഫ്രാഞ്ചൈസികൾ സ്വന്തമാക്കും.

ലേലത്തിന് മുന്നോടിയായി കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ കേരള ക്രിക്കറ്റ് ഐക്കണായ സഞ്ജു സാംസൺ പ്രകാശിപ്പിച്ചു. ഫ്രാഞ്ചൈസികളും തങ്ങളുടെ ടീമുകളുടെ ലോഗോകൾ അവതരിപ്പിച്ചു.

ലേലത്തിൽ പങ്കെടുക്കുന്ന 168 കളിക്കാരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഐപിഎൽ, രഞ്ജി ട്രോഫി തുടങ്ങിയ മത്സരങ്ങളിൽ കളിച്ചിട്ടുള്ളവരാണ് 'എ' വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇവരുടെ അടിസ്ഥാന പ്രതിഫലം രണ്ട് ലക്ഷം രൂപയാണ്. 'ബി' വിഭാഗത്തിൽ സി കെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ് തുടങ്ങിയ മത്സരങ്ങളിൽ കളിച്ചിട്ടുള്ളവരാണ് ഉൾപ്പെടുന്നത്. ഇവരുടെ അടിസ്ഥാന പ്രതിഫലം ഒരു ലക്ഷം രൂപയാണ്. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് 'സി' വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇവർക്ക് 50,000 രൂപയാണ് അടിസ്ഥാന പ്രതിഫലം.

ഐപിഎൽ മാതൃകയിലാണ് ഈ ലേലം നടക്കുന്നത്. ഓരോ കളിക്കാരനും നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന പ്രതിഫലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തുക ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ടീമിന് താരത്തെ സ്വന്തമാക്കാം. താരലേലം തൽസമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 3യും ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻ‌കോഡും ചെയ്യും.

പി എ അബ്ദുൽ ബാസിത് (ട്രിവാൻഡ്രം റോയൽസ്), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്), മുഹമ്മദ് അസറുദ്ദീൻ (ആലപ്പി റിപ്പിൾസ്), ബേസിൽ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്‌സ്), വിഷ്ണു വിനോദ് (തൃശ്ശൂർ ടൈറ്റൻസ്), രോഹൻ എസ് കുന്നമ്മൽ (കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സ്) എന്നിവരാണ് ഓരോ ഫ്രാഞ്ചൈസിയുടെയും ഐക്കൺ താരങ്ങൾ.

സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇൻറർനാഷണൽ സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് ഹബ്ബിലാണ് മൽസരങ്ങൾ നടക്കുക.  ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്‍റെ ഔദ്യോഗിക ലോഞ്ചിംഗ് ഓഗസ്റ്റ്  31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജൻസിയിൽ നിർവഹിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia