Criticism | സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും എന്നെ ആരും ശിക്ഷിച്ചിട്ടില്ല; ഇന്ത്യന്‍ ടീമില്‍നിന്ന് നടപടി നേരിട്ടപ്പോള്‍ ഞെട്ടിപ്പോയി, ജീവിതത്തിലും കരിയറിലും അത് വലിയ തിരിച്ചടിയായെന്നും കെ എല്‍ രാഹുല്‍
മുംബൈ: (KVARTHA) ഒരു അഭിമുഖത്തിന്റെ പേരില്‍ തനിക്കെതിരെ വന്ന നടപടിയെ കുറിച്ച് പ്രതികരിക്കുന്ന ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഇന്ത്യന്‍ ടീമില്‍നിന്നു തന്നെ മാറ്റിനിര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയെന്നും അന്നു നേരിട്ട നടപടി ജീവിതത്തിലും കരിയറിലും വലിയ തിരിച്ചടിയായെന്നും അതിന്റെ മുറിപ്പാട് ഇപ്പോഴുമുണ്ടെന്നും താരം പറയുന്നു.
2019ലായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. കെഎല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നയിക്കുന്ന ഒരു ടോക് ഷോയില്‍ പങ്കെടുക്കുകയും അഭിമുഖത്തിനിടെ ചില പദപ്രയോഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. അഭിമുഖം വിവാദമായതോടെ രണ്ടു താരങ്ങള്‍ക്കും നടപടി നേരിടേണ്ടിവരികയായിരുന്നു.
അഭിമുഖത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ ചില പരാമര്‍ശങ്ങളായിരുന്നു വിവാദത്തിനു തുടക്കമിട്ടത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതൊന്നും മാതാപിതാക്കള്‍ ചോദിക്കാതെ തന്നെ താന്‍ അവരോടു പറയാറുണ്ടെന്നുമായിരുന്നു പാണ്ഡ്യയുടെ വാക്കുകള്‍. ഇതോടൊപ്പം രാഹുലിന്റെ ചില പരാമര്‍ശങ്ങളും ചര്‍ച്ചയായി. ഇതോടെ ബിസിസിഐ നടപടിക്കൊരുങ്ങുകയായിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്യുമ്പോള്‍ ഏകദിന പരമ്പരയുടെ ഭാഗമായി ഓസ്‌ട്രേലിയയിലായിരുന്ന രണ്ടു പേരെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്ത് നാട്ടിലേക്ക് അയച്ചു. ഈ സംഭവത്തെ കുറിച്ചുള്ള രാഹുലിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
'സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും എന്നെ ആരും സസ്‌പെന്‍ഡ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ ടീമില്‍നിന്ന് നടപടി നേരിട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അതു ജീവിതത്തിലും കരിയറിലും വലിയ തിരിച്ചടിയായി. ഇന്ത്യന്‍ ടീമില്‍ കളിച്ചപ്പോള്‍ ഒരുപാട് ആളുകള്‍ക്കു മുന്നില്‍ ഇരുന്നു സംസാരിക്കാനുള്ള ആത്മവിശ്വാസം എനിക്കു ലഭിച്ചു. എന്നാല്‍ വിവാദങ്ങളുണ്ടായതോടെ അത്തരം സാഹചര്യങ്ങള്‍ ഞാന്‍ ഒഴിവാക്കുകയാണു ചെയ്യാറ്' - എന്ന് രാഹുല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
#KLRahul #IndianCricket #Controversy #Suspension #TalkShow