Protest | ബംഗ്ലാദേശ് പ്രക്ഷോഭം: ഷാക്കിബ് അൽ ഹസനെ ക്രിക്കറ്റിൽ നിന്ന് വിലക്കണമെന്ന് ആവശ്യം
പ്രക്ഷോഭം നടക്കുന്ന സമയത്ത് താൻ രാജ്യത്തുണ്ടായിരുന്നില്ലെന്നും കാനഡയിലായിരുന്നു എന്നുമാണ് താരത്തിന്റെ വിശദീകരണം.
ധാക്ക: (KVARTHA) ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് വക്കീല്‍ നോട്ടീസ്. ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിനിടെ ഒരു തയ്യൽ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെ 147 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ കേസിലെ പ്രതിയായതിനാൽ ഷാക്കിബിനെ ക്രിക്കറ്റിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് വക്കീൽ നോട്ടീസ് ലഭിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് നടപടി സ്വീകരിച്ചത്.
നിലവിൽ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുകയാണ് ഷാക്കിബ്. ആദ്യ ടെസ്റ്റ് മത്സര ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഫറുഖ് അഹമ്മദ് വ്യകത്മാക്കിയത്.
കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടൻ ഫെർദസ് അഹമ്മദും ഉൾപ്പെടെ നിരവധി പ്രമുഖർ പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ, പ്രക്ഷോഭം നടക്കുന്ന സമയത്ത് താൻ രാജ്യത്തുണ്ടായിരുന്നില്ലെന്നും കാനഡയിലായിരുന്നു എന്നുമാണ് താരത്തിന്റെ വിശദീകരണം.
ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റ് ഏഴിന് തയ്യൽ തൊഴിലാളിയായ മുഹമ്മദ് റുബൽ റാലിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.