Prediction | ടെസ്റ്റില്‍ ഈ ഇന്ത്യൻ താരം മികച്ച താരങ്ങളിൽ ഒരാളായി മാറും: സൗരവ് ഗാംഗുലി
ടെസ്റ്റിൽ പന്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും വൺഡേയിലും ടി20 ക്രിക്കറ്റിലും ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി
കൊല്‍ക്കത്ത: (KVARTHA) ടെസ്റ്റ് ടീമിലേക്ക് രണ്ട് വർഷത്തിന് ശേഷം തിരിച്ചെത്തിയ റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നു. ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെ, ടെസ്റ്റ് ക്രിക്കറ്റിൽ പന്ത് എക്കാലത്തെയും മികച്ച താരമായി മാറാൻ സാധ്യതയുണ്ടെന്ന് ഗാംഗുലി പറഞ്ഞു.
ടെസ്റ്റിൽ പന്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, വൺഡേയിലും ടി20 ക്രിക്കറ്റിലും ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് ഞാൻ പന്തിനെ കാണുന്നത്. അതുകൊണ്ടുതന്നെ അവൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയതിൽ എനിക്ക് അത്ഭുതമില്ല. അവൻ ടെസ്റ്റിൽ ദീർഘകാലം തുടരും. ഈ പ്രകടനം തുടന്നാല്‍ അവന്‍ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്ത് ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. അവനതിന് കഴിയുമെന്നും ഗാംഗുലി വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് നടക്കുന്ന ചെന്നൈ പിച്ചിൽ സ്പിന്നർമാർക്ക് കൂടുതൽ അനുകൂലമായിരിക്കുമെന്നും അശ്വിൻ, ജഡേജ, അക്സർ, കുൽദീപ് എന്നിവർ ലോകത്തിലെ മികച്ച സ്പിന്നർമാരാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 19നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ(ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാൽ.