Threat | '1000 പേർ കൊല്ലപ്പെടും'; മഹാ കുംഭമേളയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് മുസ്ലിം പേരിൽ ഭീഷണി മുഴക്കിയ ആയുഷ് കുമാർ കുടുക്കാൻ ശ്രമിച്ചത് അയൽവാസിയെയെന്ന് കണ്ടെത്തൽ
● ഡിസംബർ 31നാണ് ആയുഷ് ജയ്‌സ്വാൾ ഇൻസ്റ്റാഗ്രാമിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്.
● അല്ലാഹ് അക്ബർ’ എന്നായിരുന്നു സന്ദേശം.
● ജയ്‌സ്വാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ബീഹാറിൽ തിരിച്ചെത്തിയപ്പോൾ പൊലീസ് പിടികൂടി.
പ്രയാഗ്‌രാജ്: (KVARTHA) മഹാ കുംഭമേളയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ ഭീഷണി മുഴക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ പൂർണിയ സ്വദേശിയായ ആയുഷ് കുമാർ ജയ്‌സ്വാൾ എന്ന യുവാവാണ് ‘നസീർ പത്താൻ’ എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വിദ്വേഷ പ്രചാരണം നടത്താൻ ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഉത്തർപ്രദേശ് പൊലീസ് ജയ്‌സ്വാളിനെ അറസ്റ്റ് ചെയ്തതോടെ, കേസിന്റെ ഗൗരവം വർധിക്കുകയും രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരിക്കുകയാണ്.
ഡിസംബർ 31നാണ് ആയുഷ് ജയ്‌സ്വാൾ ഇൻസ്റ്റാഗ്രാമിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ‘നിങ്ങളെല്ലാവരും കൊല്ലപ്പെടും, ഇൻ ഷാ അല്ലാഹ്. നിങ്ങൾ കുംഭമേളയ്ക്ക് വരുന്നവരാണോ? കുറഞ്ഞത് 1000 പേരെയെങ്കിലും കൊല്ലത്തക്കവിധം സ്ഫോടനം നടക്കും. അല്ലാഹ് അക്ബർ’ എന്നായിരുന്നു സന്ദേശം.
പൊലീസ് ഐപി വിലാസം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ഭവാനിപൂർ പൊലീസിന്റെ സഹായത്തോടെ ജയ്‌സ്വാളിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജയ്‌സ്വാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ബീഹാറിൽ തിരിച്ചെത്തിയപ്പോൾ പൊലീസ് പിടികൂടി. നിലവിൽ ജയ്‌സ്വാളിനെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോയി കൂടുതൽ ചോദ്യം ചെയ്യുകയാണ്.
സംഭവം രാഷ്ട്രീയ രംഗത്തും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഒരു പ്രത്യേക സമുദായത്തിനെതിരെ വിദ്വേഷം പടർത്താനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ആരോപണം. രാജ്യത്ത് ഒരു സമുദായത്തിനെതിരെ വിദ്വേഷം പടർത്താൻ എത്രമാത്രം ആസൂത്രണങ്ങൾ നടക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ്ഗർഹി കുറ്റപ്പെടുത്തി. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്.
ജയ്‌സ്വാളിന്റെ ലക്ഷ്യമെന്തായിരുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. അയൽവാസിയായ നസീർ പത്താനെ കുടുക്കാനാണ് ജയ്‌സ്വാൾ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നിലെ മറ്റ് കാരണങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജയ്‌സ്വാളിന്റെ ബന്ധങ്ങളും പ്രവർത്തനങ്ങളുടെ ലക്ഷ്യവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ടെന്ന് ഭവാനിപൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സുനിൽ കുമാറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
#BombThreat #SocialMedia #KumbhMela #AyushKumar #PoliticalControversy #UttarPradesh