Minor Arrested | മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് പിന്നാലെ ക്രൂരത; 'ഉറങ്ങിക്കിടന്ന സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൗമാരക്കാരന്‍ പിടിയില്‍'
കൃത്യം മറയ്ക്കാന്‍ കൂട്ടുനിന്ന അമ്മയെയും 2 സഹോദരിമാരെയും അറസ്റ്റ് ചെയ്തു.
കേസില്‍ 50 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.
ഭോപാല്‍: (KVARTHA) മധ്യപ്രദേശിലെ (Madhya Pradesh) റേവയില്‍ (Rewa) ഉറങ്ങിക്കിടന്ന സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന (Molestation and killed) കേസില്‍ കൗമാരക്കാരന്‍ (Teenager) പിടിയില്‍. ഒന്‍പതുകാരിയായ പെണ്‍കുട്ടിയുടെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് 13 കാരനായ സഹോദരനെയും അമ്മയെയും രണ്ടു സഹോദരിമാരെയും അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 24ന് ജാവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടതിന് പിന്നാലെയായിരുന്നു ഇളയ സഹോദരിയോടുള്ള കൗമാരക്കാരന്റെ അതിക്രമം. കൃത്യം മറയ്ക്കാന്‍ കൂട്ടുനിന്നതിനാണ് അമ്മയെയും 17ഉം 18ഉം വയസ്സുള്ള രണ്ട് സഹോദരിമാരെയും അറസ്റ്റ് ചെയ്തത്.
വീടിന്റെ വരാന്തയില്‍നിന്നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ സമയം പെണ്‍കുട്ടി ഇവിടെയാണ് ഉറങ്ങി കിടന്നിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിക്കൊപ്പം കിടന്നിരുന്ന സഹോദരനാണ് കുറ്റവാളി എന്ന് കണ്ടെത്തിയത്.
മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്ന സഹോദരന്‍ തൊട്ടടുത്ത് കിടന്നിരുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. ഇതോടെ സഹോദരി, പിതാവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സഹോദരന്‍ അവളുടെ കഴുത്ത് ഞെരിച്ചു. തുടര്‍ന്ന് അടുത്ത മുറിയില്‍ കിടന്നിരുന്ന അമ്മയോടെ കുറ്റസമ്മതം നടത്തുകയും തന്നെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
അമ്മ വന്നു നോക്കിയപ്പോള്‍ പെണ്‍കുട്ടി ജീവനോടെയുണ്ടായിരുന്നു. ഇതുകണ്ടതോടെ സഹോദരന്‍ വീണ്ടും കഴുത്ത് ഞെരിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. മൂത്ത സഹോദരിമാര്‍ പൊലീസ് എത്തുന്നതിന് മുന്‍പ് കൊലപാതകം മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തി.
വീടിന്റെ വരാന്തയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണത്തിനായി എത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ നിന്നാണ് പീഡനത്തിന്റെയും കൊലപാതകത്തിന്റെയും സൂചനകള്‍ ലഭിച്ചത്.
കേസില്‍ 50 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളുടെയും സാങ്കേതിക തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ മൂന്നുമാസങ്ങള്‍ക്കുശേഷം പ്രതികള്‍ പിടിയിലാകുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.