Fraud | 'ടെലഗ്രാം വഴി ബന്ധപ്പെട്ട് തട്ടിയത് 29 ലക്ഷം രൂപ'; 2 യുവാക്കൾ അറസ്റ്റിൽ
● ഓൺലൈൻ ട്രേഡിംഗിലൂടെ വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചു
● പ്രതികൾ മലപ്പുറം സ്വദേശികൾ.
● പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: (KVARTHA) ടെലഗ്രാം വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗിലൂടെ അധിക വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ദിൽഷൻ, മുൻസീർ എന്നിവരാണ് അറസ്റ്റിലായത്.
29 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം പരാതിക്കാരനിൽ നിന്ന് ഓൺലൈൻ വഴി കൈക്കലാക്കിയത്. അറസ്റ്റിലായവർ വലിയ തട്ടിപ്പ് ശൃംഖലയിലെ ചെറിയ കണ്ണികൾ മാത്രമാണെന്ന് പൊലീസ് അറിയിച്ചു.
ടെലഗ്രാം ആപ്ലിക്കേഷൻ വഴി ബന്ധം സ്ഥാപിച്ച ശേഷം, ഓൺലൈൻ ട്രേഡിംഗിന്റെ വാഗ്ദാനങ്ങൾ നൽകിയാണ് പ്രതികൾ പരാതിക്കാരനെ സമീപിച്ചത്.
ഉയർന്ന ലാഭം ലഭിക്കുമെന്ന വ്യാജേന വിശ്വസിപ്പിച്ച് നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പല തവണയായി 29 ലക്ഷം രൂപ പരാതിക്കാരൻ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തു. പിന്നീട് പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്.
ഇവർക്കെതിരെ മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ ഉണ്ടോ എന്ന് മറ്റ് അന്വേഷണ ഏജൻസികൾ മുഖാന്തരം അന്വേഷിച്ചു വരുന്നുണ്ട്. ഈ തട്ടിപ്പു സംഘത്തിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്റെ നിർദേശപ്രകാരം, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി പ്രസാദിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സരിൻ എഎസ്, സബ് ഇൻസ്‌പെക്ടർ രാജേഷ് വി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉല്ലാസ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പദ്മാനന്ദ്, വിനോദ് ഇ.കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ മലപ്പുറത്തുനിന്നും അറസ്റ്റ് ചെയ്തത്.
#TelegramFraud #OnlineScam #CyberCrime #KeralaPolice #FinancialFraud #Palakkad