Bomb Blast | 2024 ൽ കൊല്ലപ്പെട്ടത് 2 പേർ; കണ്ണൂരിൽ കാണാമറയത്ത് ബോംബുകൾ

 
Kannur Bomb Blast Incident
Kannur Bomb Blast Incident

Representational Image Generated by Meta AI

● സിപിഎം ബന്ധമുളള പതിനൊന്ന് പേർ പ്രതികളായി. 
● എരഞ്ഞോളിയിൽ തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടി തൊണ്ണൂറുകാരനാണ് കൊല്ലപ്പെട്ടത്. 
● ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വൻ പൊട്ടിത്തെറിയുടെ ശബ്ദം  നാട്ടുകാർ കേൾക്കുന്നത്. 

കനവ് കണ്ണൂർ 

കണ്ണൂർ: (KVARTHA) രാഷ്ട്രീയ അക്രമങ്ങൾക്ക് പേരുകേട്ട കണ്ണൂരിൽ 2024 വർഷവും ബോംബ് സ്ഫോടനക്കേസുകൾ കുറഞ്ഞില്ല. സമാധാന അന്തരീക്ഷം നിലനിൽക്കുമ്പോഴും ഒളിപ്പിച്ചു വെച്ച ബോംബുകൾ പൊട്ടിത്തെറിച്ച് നിരപരാധിയായ വയോധികൻ കൊല്ലപ്പെടുകയും ചെയ്തു. പാനൂർ മുളിയത്തോടിൽ കഴിത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് നിർമാണത്തിനിടെ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചത്. സിപിഎം ബന്ധമുളള പതിനൊന്ന് പേർ പ്രതികളായി. 

ഇതിനിടെ ഒളിപ്പിച്ചു വെച്ച ബോംബുകൾ പൊട്ടിനിരപരാധികൾ കൊല്ലപ്പെടുന്ന സംഭവങ്ങളും ആവർത്തിച്ചു. എരഞ്ഞോളിയിൽ തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടി തൊണ്ണൂറുകാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. പ്രതികളില്ലാതെ, തെളിവില്ലാതെ മാഞ്ഞുപോകുന്ന ബോംബ് കേസുകളിലൊന്നായി എരഞ്ഞോളി സ്ഫോടനവും മാറിയിരിക്കുകയാണ്. തൊണ്ണൂറുകാരനായ വേലായുധൻ തൊട്ടടുത്തുളള ആളില്ലാത്ത വീട്ടിലെ പറമ്പിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടം സംഭവിക്കന്നത്. 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വൻ പൊട്ടിത്തെറിയുടെ ശബ്ദം  നാട്ടുകാർ കേൾക്കുന്നത്. തൊട്ടടുത്ത് എരഞ്ഞോളി പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നവർ പാഞ്ഞെത്തിയപ്പോൾ കണ്ടത് വീടിന്‍റെ മുൻവശത്തെ തിണ്ണയിൽ ചോരയിൽ കുളിച്ചുനിൽക്കുന്ന വേലായുധനെ. ഉടനെ തന്നെ തലശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. കാഴ്ചക്കുറവുണ്ടായിരുന്നു വേലായുധന്. വളപ്പിൽ കണ്ട സ്റ്റീൽ പാത്രം സിമന്‍റ് തറയിൽ ഇടിച്ച് തുറക്കാൻ ശ്രമിച്ചതാവാം. അതൊരു സ്റ്റീൽ ബോംബായിരുന്നു. ആരെയോ വകവരുത്താനുണ്ടാക്കിയത്, ആരോ ഒളിപ്പിച്ചത്, നിരപരാധിയായ വയോധികൻ്റെ ജീവനെടുത്തു.

സഹികെട്ടൊരു നാട്ടുകാരി ഗതികേട് പറഞ്ഞു. തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. പറമ്പുകളും ആളില്ലാ വീടുകളും അരിച്ചുപെറുക്കി. പക്ഷേ എത്ര അന്വേഷണം നടത്തിയിട്ടും ബോംബ് എവിടെ നിന്ന് വന്നുവെന്നതി് ഉത്തരം പൊലീസിനില്ല. പിന്നിൽ ആരെന്ന് കണ്ടെത്തിയില്ല. അധികം ദൂരെയല്ലാതെ ചാലക്കരയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് നേരെ ദിവസങ്ങൾക്ക് മുമ്പ് ബോംബേറുണ്ടായിരുന്നു. സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. സിസിടിവി ഉളളത് കൊണ്ട് പ്രതിയെ പിടിച്ച പൊലീസിന് പക്ഷേ എരഞ്ഞോളിയിൽ പൊലീസ് എപ്പോഴും പറയുന്നത് തുമ്പൊന്നും കിട്ടിയില്ല, സാക്ഷികളില്ല, ദൃശ്യങ്ങളില്ലെന്നാണ്.

അങ്ങനെ വന്നാൽ ബോംബുകൾക്ക് നാഥനില്ല. എരഞ്ഞോളിയിലെ സ്ഫോടനം ആദ്യത്തേതല്ല. 25 വർഷത്തിനിടെ സമാനമായ ഇരുപതിലേറെ സ്ഫോടനങ്ങൾ കണ്ണൂരിലുണ്ടായി. കുട്ടികൾക്കുൾപ്പെടെ കണ്ണും കയ്യും നഷ്ടമായ കേസുകൾ. ഒരെണ്ണത്തിൽപ്പോലും ബോംബുണ്ടാക്കിയവരെയോ ഒളിപ്പിച്ചവരെയോ കണ്ടെത്താനായില്ല. പ്രതികളില്ലാത്ത കേസുകൾ എവിടെയുമെത്തിയില്ല. അഞ്ച് വർഷത്തിനിടെ ജില്ലയിൽ കണ്ടെത്തിയത് 250 ലധികം ബോംബുകളാണ്. 2024ൽ മാത്രം 19 ബോംബുകൾ കണ്ടെത്തി. കല്ലും കുപ്പിച്ചില്ലും ആണിയും വെടിമരുന്നും നിറച്ച് നൂലുകെട്ടുന്ന നാടൻ ബോംബുകളും സ്റ്റീൽ പാത്രം ഉപയോഗിക്കുന്ന സ്റ്റീൽ ബോംബുകളും. രാഷ്ട്രീയപ്പാർട്ടികളും ക്വട്ടേഷൻ സംഘങ്ങളുമാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. 

പൊട്ടിത്തെറിയിൽ അപകടമുണ്ടാകുമ്പോൾ മാത്രം നിർമാണസംഘങ്ങളെ പൊലീസ് പിടികൂടും. എന്നാൽ വേരറുക്കാൻ മടിക്കും. ബോംബുകൾ വീണ്ടും പൊട്ടും. എരഞ്ഞോളിയിൽ ഒന്നുമറിയാത്ത വേലായുധനെ പോലെ ഇനിയും ഇരകൾ വരും. പലരും പൊട്ടിത്തെറിക്കും. തെളിവില്ലാതെ കേസ് തീരും. ബോംബ് നിർമാണ യൂണിറ്റുകൾ വീണ്ടും സജീവമാകും. അന്ന് വീണ്ടും പൊലീസ് പേരിനൊരു അന്വേഷണ നാടകം നടത്തും. ഇതിങ്ങനെ തുടരുമെന്നല്ലാതെ ജീവന് ഭീഷണി ഒരുകാലത്തും ഒഴിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം പാനൂർ ചെണ്ടയാട് നടുറോഡിൽ ഉഗ്രസ്ഫോടക ശേഷിയുള്ള രണ്ടു ബോംബകൾ പൊട്ടിച്ചിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.

#KannurViolence, #BombExplosion, #KeralaPolitics, #PoliceInvestigation, #PoliticalTension, #BombAttacks

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia