Accused Held | 21 കാരിയായ വ്യായാമശാല പരിശീലക താമസസ്ഥലത്ത് മരിച്ച നിലയില്‍; സുഹൃത്തായ 24കാരന്‍ അറസ്റ്റില്‍
പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു,
സ്നേഹയും രാജും തമ്മില്‍ നേരത്തെ പരിചയക്കാരാണ്.
ന്യൂഡെല്‍ഹി: (KVARTHA) 21 കാരിയായ വ്യായാമശാല പരിശീലകയെ (Gym Trainer) ഫ്‌ലാറ്റില്‍ (Fat) രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അസം (Assam) സ്വദേശിയായ സ്‌നേഹനാഥാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവതി അബോധാവസ്ഥയിലായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഡെല്‍ഹിയിലെ ദ്വാരകയിലെ (Delhi, Dwarka) വസതിയിലെത്തിയത്. സംഭവത്തില്‍ 24 വയസുള്ള രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ദ്വാരകയിലെ പോച്ചന്‍പൂര്‍ കോളനിയില്‍ കൊലപാതകശ്രമം നടന്നതായി ശനിയാഴ്ച (27.07.2024) വൈകുന്നേരമാണ് പൊലീസിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ സ്നേഹ അബോധാവസ്ഥയില്‍ തറയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും അവള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
രാജ് എന്ന പ്രതിയെ പരുക്കേറ്റ നിലയിലാണ് സംഭവസ്ഥലത്ത് കണ്ടെത്തിയത്. ഇരുവരും അസം സ്വദേശികളാണ്. സ്നേഹയും രാജും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നും അടുത്തിടെ ചില തര്‍ക്കങ്ങളില്‍ ഏര്‍പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ശനിയാഴ്ച വൈകുന്നേരം രാജ് സ്‌നേഹയുടെ വസതിയിലെത്തി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വാക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ആക്രമണത്തിനിടെയാണ് രാജിന്റെ കൈക്കും പരുക്കേറ്റത്.
സംഭവത്തെക്കുറിച്ചും സ്നേഹയും രാജും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കേസ് അന്വേഷിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.