Pantheerankavu Case | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍കാരിനോട് നിലപാട് തേടി ഹൈകോടതി
സര്‍കാര്‍, പന്തീരാങ്കാവ് എസ്എച്ഒ, പരാതിക്കാരി എന്നിവര്‍ക്കാണ് കോടതി നോടീസ് അയച്ചത്.
മൊഴി മാറ്റം ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായതിന് പിന്നാലെ യുവതി ഡെല്‍ഹിയിലേക്ക് തിരിച്ചുപോയി.
കൊച്ചി: (KVARTHA) പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈകോടതിയില്‍. പരാതി പിന്‍വലിച്ചെന്ന യുവതിയുടെ സത്യവാങ്മൂലം കോടതിയില്‍ ഹാജരാക്കി. കേസ് ബുധനാഴ്ച (19.06.2024) ഹൈകോടതി പരിഗണിക്കാനിരിക്കെയായിരുന്നു പ്രതിയുടെ ആവശ്യം.
ക്രിമിനല്‍ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹര്‍ജിയില്‍ ഹൈകോടതി സര്‍കാരിനോട് നിലപാട് തേടി. സര്‍കാര്‍, പന്തീരാങ്കാവ് എസ്എച്ഒ, പരാതിക്കാരി എന്നിവര്‍ക്കാണ് കോടതി നോടീസ് അയച്ചത്.
വിവാദ ഗാര്‍ഹിക പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ പെണ്‍കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതെന്നായിരുന്നു പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കേസില്‍ പ്രതിയായ രാഹുല്‍ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും യുവതി ആദ്യ വീഡിയോയില്‍ പറഞ്ഞിരുന്നു.
പിന്നാലെ, ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് മകള്‍ മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു. തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞുകൊണ്ട് രണ്ടാമതൊരു വീഡിയോയുമായി യുവതി രംഗത്തെത്തുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചു. തുടര്‍ന്ന് യുവതിയെ വക്കീലിന് ഒപ്പം പൊലീസ് വിട്ടയച്ചു. യുവതി ഡെല്‍ഹിക്ക് തിരികെ പോയി.