Arrests | നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവ്; ശക്തി കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി പൊലീസ്; 4 പേർ അറസ്റ്റിൽ
● മറ്റ് ആറ് പ്രതികളായ ലവി, ആകാശ്, ശിവ, അർജുൻ, അങ്കിത്, ശുഭം എന്നിവർക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നു.
● തന്നെ തട്ടിക്കൊണ്ടുപോയി ലാവിയുടെ വീട്ടിൽ തടവിലാക്കിയതായി മുഷ്ടാഖ് മൊഴി നൽകിയിട്ടുണ്ട്.
● തട്ടിക്കൊണ്ടുപോയവർ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എടുത്ത് പണം പിൻവലിച്ചു.
ലക്‌നൗ: (KVARTHA) നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ നാല് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ആറ് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും ബിജ്‌നോർ പൊലീസ് അറിയിച്ചു.
ബിജ്‌നോർ സ്വദേശിയായ റിക്കി എന്ന സർത്തക് ചൗധരി, സാഹിബാബാദ് സ്വദേശികളായ സാബിയുദ്ദീൻ എന്ന സെബി, അസിം അഹമ്മദ്, ശശാങ്ക് കുമാർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവരിൽ സർത്തക് ചൗധരി മുനിസിപ്പാലിറ്റിയുടെ മുൻ കൗൺസിലർ കൂടിയാണ്. പ്രതികളിൽ നിന്ന് 1.04 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. മറ്റ് ആറ് പ്രതികളായ ലവി, ആകാശ്, ശിവ, അർജുൻ, അങ്കിത്, ശുഭം എന്നിവർക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നു.
എന്താണ് സംഭവിച്ചത്?
'മീററ്റിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ നടൻ മുഷ്ടാഖ് ഖാനെ ക്ഷണിച്ച്, രാഹുൽ സൈനി എന്ന ലാവി എന്നയാൾ 25,000 രൂപ അഡ്വാൻസും വിമാന ടിക്കറ്റും അയക്കുകയായിരുന്നു. നവംബർ 20-ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയ മുഷ്ടാഖിനെ ഒരു ക്യാബ് ഡ്രൈവർ സ്വീകരിച്ച് മീററ്റിലെ ഒരു റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അദ്ദേഹത്തെ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തന്നെ തട്ടിക്കൊണ്ടുപോയി ലാവിയുടെ വീട്ടിൽ തടവിലാക്കിയതായി മുഷ്ടാഖ് മൊഴി നൽകിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവർ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എടുത്ത് പണം പിൻവലിച്ചു. പിന്നീട് മുഷ്ടാഖ് രക്ഷപ്പെട്ട് ഒരു പള്ളിയിൽ അഭയം പ്രാപിച്ചു. മുഷ്താഖ് ഖാൻ്റെ ഇവൻ്റ് മാനേജർ ശിവം യാദവ് ഡിസംബർ ഒമ്പതിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പ്രതികളെ പിടികൂടിയത്', ബിജ്‌നോർ പൊലീസ് സൂപ്രണ്ട് (എസ്‌പി) അഭിഷേക് ഝാ പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ സംഘം സിനിമാ താരങ്ങളെ വലയിലാക്കിയിരുന്നത് പരിപാടി ക്ഷണത്തിന്റെ മറവിൽ മുൻകൂർ പണവും വിമാന ടിക്കറ്റും അയച്ചാണെന്ന് പൊലീസ് വെളിപ്പെടുത്തി. നടൻ ശക്തി കപൂറിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സമാനമായ ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉയർന്ന മുൻകൂർ തുക ആവശ്യപ്പെട്ടതിനാൽ ഇടപാട് നടന്നില്ല. മറ്റ് താരങ്ങളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളിൽ ഈ സംഘത്തിന് പങ്കുണ്ടോയെന്നും പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.
അതിനിടെ ഹാസ്യനടൻ സുനിൽ പാലിനെ തട്ടിക്കൊണ്ടുപോയവരിൽ ഒരാളായ അർജുൻ ലാൽകുർത്തി എന്നയാൾക്ക് ഞായറാഴ്ച മീററ്റിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച അറസ്റ്റിലായ അർജുൻ ലാൽകുർത്തിയെ പൊലീസ് സ്റ്റേഷനിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ സബ് ഇൻസ്പെക്ടറുടെ പിസ്റ്റൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചതായി മീററ്റ് പൊലീസ് പറഞ്ഞു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അർജുൻ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തു. പൊലീസ് സംഘം തിരിച്ചടിച്ചതോടെ വെടിവയ്പിൽ അർജുന് വെടിയേറ്റു. കഴിഞ്ഞ മാസം സുനിൽ പാലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച എസ്‌യുവിയും 2.25 ലക്ഷം രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും അർജുനിൽ നിന്ന് പൊലീസ് കണ്ടെടുത്തതായും മീററ്റ് സീനിയർ പൊലീസ് സുപ്രണ്ട് (എസ്എസ്‌പി) വിപിൻ ടാഡ പറഞ്ഞു. പരിക്കേറ്റ അർജുനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ട സംഘം ബിജ്നോർ കേന്ദ്രീകരിച്ചാണെന്ന് കരുതുന്നതിനാൽ പൊലീസ് ഇപ്പോൾ ഇയാളുടെ കൂട്ടാളികൾക്കായി തിരച്ചിൽ നടത്തുകയാണ്.
#MushtaqKhan, #KidnappingCase, #PoliceArrest, #ShaktiKapoor, #Bijnor, #CrimeInvestigation