Allegations | സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; '10-15 തവണ മുഖത്തടിച്ചു, ഉദ്യോഗസ്ഥർ വെള്ളപേപ്പറുകളിൽ ഒപ്പിടുവിച്ചു'

 
 Actress Ranya Rao Alleges Assault During Custody in Gold Smuggling Case
 Actress Ranya Rao Alleges Assault During Custody in Gold Smuggling Case

Image Credit: Facebook/ Timeflickz

● 'പിതാവിനെ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'
● '14 കിലോയിലധികം സ്വർണം കടത്തിയെന്ന് തെറ്റായി ആരോപിച്ചു'
● 'നിരപരാധിയാണെന്ന് വിശദീകരിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല'

ബെംഗ്ളുറു: (KVARTHA) സ്വർണക്കടത്ത് കേസിൽ ബെംഗ്ളുറു വിമാനത്താവളത്തിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവു, കസ്റ്റഡിയിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി ആരോപിച്ചു. 14.8 കിലോഗ്രാം സ്വർണവുമായി മാർച്ച് മൂന്നിന് ബെംഗ്ളുറു വിമാനത്താവളത്തിൽ നിന്നാണ് രന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിൽ രന്യ ആരോപിച്ചു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് രന്യ നടത്തിയത്. തന്നെ കസ്റ്റഡിയിലെടുത്തത് മുതൽ കോടതിയിൽ ഹാജരാക്കുന്നത് വരെ 10 മുതൽ 15 തവണ വരെ മുഖത്തടിച്ചതായി രന്യ കത്തിൽ പറയുന്നു. 'ഈ വിഷയത്തിൽ ഞാൻ നിരപരാധിയാണെന്ന് വിശദീകരിക്കാൻ നിങ്ങളുടെ ഉദ്യോഗസ്ഥർ എന്നെ അനുവദിച്ചില്ല', എന്നും രന്യ ആരോപിച്ചു. ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ തന്നെ 14 കിലോയിലധികം സ്വർണം കടത്തിയെന്ന് തെറ്റായി ആരോപിച്ചെന്നും അവർ കത്തിൽ സൂചിപ്പിച്ചു.

ഡിആർഐ ഉദ്യോഗസ്ഥർ ഒന്നും എഴുതാത്ത വെള്ള പേപ്പറുകളിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചുവെന്നും രന്യ കത്തിൽ പറയുന്നു. 'ആവർത്തിച്ചുള്ള മർദനത്തിനും അടിക്ക് ശേഷവും അവർ തയ്യാറാക്കിയ പ്രസ്താവനയിൽ ഒപ്പിടാൻ ഞാൻ വിസമ്മതിച്ചു. 50 മുതൽ 60 വരെ ടൈപ്പ് ചെയ്ത പേപ്പറുകളിലും ഏകദേശം 40 ഓളം ഒഴിഞ്ഞ ഷീറ്റുകളിലും എന്നെ നിർബന്ധിച്ച് ഒപ്പിടുവിച്ചു', എന്ന് നടി എഴുതി.

ഒരു ഉദ്യോഗസ്ഥൻ തന്റെ പിതാവിനെ പോലും ഈ കേസിലേക്ക് വലിച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയതായും രന്യ ആരോപിച്ചു. പിതാവ് നിരപരാധിയാണെന്ന് അറിഞ്ഞിട്ടും ഭീഷണിപ്പെടുത്തി. 'ഒപ്പിട്ടില്ലെങ്കിൽ, നിങ്ങളുടെ അച്ഛൻ ഈ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാമെങ്കിലും അദ്ദേഹത്തിന്റെ പേരും വിവരങ്ങളും ഞങ്ങൾ പുറത്തുവിടും', എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി രന്യ കൂട്ടിച്ചേർത്തു.

കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡിജിപി റാങ്കിലുള്ള കെ രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ റാവു. നേരത്തെ ഡിആർഐ പുറത്തിറക്കിയ വാർത്താകുറിപ്പിൽ, രന്യ റാവു ദുബൈയിൽ നിന്ന് എത്തിയപ്പോൾ മാർച്ച് മൂന്നിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ പിടിച്ചെടുത്തതായി അറിയിച്ചിരുന്നു. 

തുടർന്ന് രന്യയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും കണ്ടെടുത്തു. രന്യയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി തള്ളിയിരുന്നു. നിലവിൽ രന്യ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്.

Kannada actress Ranya Rao, arrested in a gold smuggling case, has alleged that she was assaulted by Directorate of Revenue Intelligence (DRI) officers during custody. She claims that she was forced to sign blank papers and was physically abused.

 #GoldSmuggling, #RanyaRao, #DRI, #Arrest, #Allegations, #Custody

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia