Controversy | മെഡിക്കല്‍ മാലിന്യം തിരുനെല്‍വേലിയില്‍ തള്ളിയ ഏജന്‍സിയെ ശുചിത്വ മിഷന്‍ കരിമ്പട്ടികയില്‍പെടുത്തി
● കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ല.
● മൂന്ന് വര്‍ഷത്തേക്കാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്.
● ഈ വര്‍ഷം സെപ്തംബറിലാണ് കമ്പനി എംപാനല്‍ ചെയ്തത്.
തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ നിന്നുള്ള ബയോമെഡിക്കലും മറ്റ് മാലിന്യങ്ങളും അയല്‍രാജ്യമായ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തള്ളിയ സണ്‍ ഏജ് ഇക്കോ സിസ്റ്റം എന്ന ഏജന്‍സിയെ ശുചിത്വ മിഷന്‍ കരിമ്പട്ടികയില്‍പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനായി ഈ വര്‍ഷം സെപ്തംബറിലാണ് കമ്പനി എംപാനല്‍ ചെയ്തിരുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്.
തിരുനെല്‍വേലിയിലെ നടുക്കല്ലൂര്‍, കൊടകനല്ലൂര്‍, പലാവൂര്‍ ഭാഗങ്ങളിലാണ് ട്രക്കുകളില്‍ എത്തിച്ച മാലിന്യം തള്ളിയത്. റീജനല്‍ കാന്‍സര്‍ സെന്ററിലെയും (ആര്‍സിസിസി) ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രിയിലെയും മാലിന്യങ്ങളാണ് തിരുനെല്‍വേലിയില്‍ വലിച്ചെറിഞ്ഞത്.
തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഏജന്‍സിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ശുചിത്വ മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്നതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലേയ്ക്ക് ശുചിത്വ മിഷന്‍ നല്‍കിയ എംപാനല്‍മെന്റും റദ്ദ് ചെയ്തു. കൂടാതെ ഏജന്‍സിയുടെ നിയമവിരുദ്ധ പ്രവൃത്തി കാരണം സര്‍ക്കാരിനുണ്ടാകുന്ന മുഴുവന്‍ ചെലവുകളും ഏജന്‍സിയുടെ ബാധ്യതയായിരിക്കുമെന്നും ശുചിത്വ മിഷന്‍ അറിയിച്ചു.
#medicalwaste #pollution #environment #Kerala #TamilNadu #blacklisted #agency #biomedicalwaste