Killed | ആലപ്പുഴയില്‍ വയോധിക വെട്ടേറ്റ് മരിച്ചു; ബന്ധുവായ 28 കാരന്‍ പിടിയില്‍
Oct 22, 2022, 11:19 IST
ആലപ്പുഴ: (www.kvartha.com) ചെങ്ങന്നൂരില്‍ വയോധിക വെട്ടേറ്റ് മരിച്ചു. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ റിന്‍ജു സാം പൊലീസ് പിടിയില്‍. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം.
പുലര്‍ചെ അഞ്ചരയോടെയാണ് പരിസരവാസികളെ നടുക്കിയ സംഭവം. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിന്‍ജു സാമിനെ(28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ റിന്‍ജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്‌നങ്ങള്‍ ഉള്ള റിന്‍ജു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.
അതിക്രൂരമായിട്ടാണ് വെട്ടിക്കൊന്നതെന്നും ശരീരത്തില്‍ 20 ലേറെ മുറിവുകളുണ്ടെന്നുമാണ് വിവരം. പൊലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നുവെന്നും അകത്ത് നിന്ന് വാതില്‍ അടച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെന്നൈയില്‍ ജ്വലറിയില്‍ ജീവനക്കാരനായിരുന്ന റിന്‍ജു മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.