Allegation | കുടുംബ പ്രശ്‌നത്തെക്കുറിച്ച് പരാതി നല്‍കാനെത്തിയപ്പോള്‍ പീഡിപ്പിച്ചു; സസ്‌പെന്‍ഷനിലായ എസ് സുജിത് ദാസിനെതിരെ ആരോപണങ്ങളുമായി വീട്ടമ്മ; നിഷേധിച്ച് മുന്‍ പൊലീസ് ചീഫ്
മലപ്പുറം: (KVARTHA) സസ്‌പെന്‍ഷനിലായ എസ് സുജിത് ദാസിനെതിരെ പീഡന ആരോപണങ്ങളുമായി വീട്ടമ്മ. പൊന്നാനി മുന്‍ എസ് എച്ച് ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തി. കുടുംബ പ്രശ്‌നത്തെക്കുറിച്ച് പരാതി നല്‍കാനെത്തിയ തന്നെ എസ് പിയും സിഐയും ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ ആരോപണം.
സുജിത് ദാസിനെതിരെ പിവി അന്‍വര്‍ എംഎല്‍എ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. സുജിത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മ പറയുന്നത്.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത്:
കുടുംബ പ്രശ്‌നത്തെക്കുറിച്ച് പരാതി നല്‍കാനെത്തിയപ്പോള്‍ കുട്ടിയില്ലാതെ തനിച്ചു കാണാന്‍ വരാന്‍ എസ് പി തന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോട്ടയ്ക്കലിലേക്ക് വരാന്‍ പറഞ്ഞു. എസ് പി ഓഫിസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാള്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് എസ് പി ആദ്യം പീഡിപ്പിച്ചത്.
രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥനെന്നാണ് പറഞ്ഞത്. ജൂസ് കുടിക്കാന്‍ തന്നശേഷം എസ് പി ബലാത്സംഗം ചെയ്യുകയായിരുന്നു. വലിയൊരു വീട്ടില്‍വച്ചായിരുന്നു പീഡനമെന്നും വീട്ടമ്മ പറയുന്നു.
അതേസമയം വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നല്‍കുമെന്നുമാണ് സംഭവത്തെ കുറിച്ചുള്ള സുജിത് ദാസിന്റെ പ്രതികരണം. സുജിത് ദാസുമായി നടത്തിയ ഫോണ്‍ സംഭാഷണം അന്‍വര്‍ പുറത്തുവിട്ടതോടെയാണ് സുജിത്തിനെ കഴിഞ്ഞദിവസം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭാഷണത്തില്‍ എഡിജിപിക്കെതിരെയും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വിവാദ പ്രസ്താവനകളുള്ള സാഹചര്യത്തിലായിരുന്നു നടപടി.
ബലാത്സംഗ പരാതിയുമായാണ് വീട്ടമ്മ ഓഫിസില്‍ എത്തിയതെന്ന് സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഓഫിസില്‍ വച്ചല്ലാതെ വീട്ടമ്മയെ കണ്ടിട്ടില്ല. ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.
#KeralaNews, #CrimeReport, #PoliceMisconduct, #ImmoralAssault, #Justice, #Malappuram