Arrested | ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റ് രേഖപ്പെടുത്തി; 'വിഷം കലക്കാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു'
Nov 1, 2022, 10:00 IST
തിരുവനന്തപുരം: (www.kvartha.com) പാറശ്ശാല സ്വദേശിയായ ഷാരോണ്‍ (23) വധക്കേസിലെ പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റ് രേഖപ്പെടുത്തി. സിന്ധു, നിര്‍മ്മല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കും.
ബിരുദ വിദ്യാര്‍ഥിയെ കഷായത്തില്‍ കളനാശിനി ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍, ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന് നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തന്നെ ഇരുവരയേും കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേസമയം ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്നും അത് ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്റെ (കോപര്‍ സല്‍ഫേറ്റ്) അംശം കഷായത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പോസ്റ്റുമോര്‍ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമായി.
സിന്ധുവിനെയും നിര്‍മല്‍കുമാറിനെയും ഉടന്‍ തെളിവെടുപ്പിന് എത്തിക്കുമെന്നാണ് സൂചന. ഷാരോണിന് വിഷം നല്‍കിയെന്ന് ഗ്രീഷ്മ സമ്മതിച്ച കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയത്. ഇത് കണ്ടെടുക്കുന്നതിന് വേണ്ടിയാണ് തെളിവെടുപ്പ്. ഷാരോണിന് കുടിക്കാന്‍ നല്കിയ കഷായത്തില്‍ കളനാശിനി കലക്കാന്‍ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
അമ്മയുള്‍പെടെ ആര്‍ക്കും വിഷം നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവ് നശിപ്പിക്കാന്‍ അമ്മാവന് നിര്‍മല്‍കുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുന്‍നിര്‍ത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് വ്യക്തമായതെന്നും ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോണ്‍ വീട്ടിലെത്തുന്നതിന് തൊട്ടുമുന്‍പ് ഇരുവരും പുറത്തുപോയിരുന്നുവെന്നും ഇതോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചതെന്നുമായിരുന്നു ആദ്യ നിഗമനം. എന്നാല്‍, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്ക് പോയിരുന്നില്ലെന്ന് മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായെന്നും ഇതോടെയാണ് കൊലയ്ക്ക് പിന്നിലെ ആസൂത്രിത സ്വഭാവം ഉറപ്പിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെഡികല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവിലുള്ള രേഷ്മയെ തിങ്കളാഴ്ച രാത്രി റിമാന്‍ഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെലിലേക്കോ ജിയിലിലേക്കോ മാറ്റും. ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയില്‍ നല്‍കും. സംഭവ ദിവസം ഷാരോണ്‍ രാജ് ധരിച്ച വസ്ത്രം ഫോറന്‍സിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.