Bail Granted | നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി ഒടുവില്‍ പുറത്തേക്ക്; കര്‍ശന വ്യവസ്ഥകളോടെ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

 
Bail Granted to Pulsar Suni with Strict Conditions in Actress Attack Case
Bail Granted to Pulsar Suni with Strict Conditions in Actress Attack Case

Representational Image Generated By Meta AI

● പുറത്തേക്ക് വരാന്‍ നിമിത്തമായത് സുപ്രീംകോടതി
● സഹായകമായത് വിചാരണ അനന്തമായി നീളുന്നത്

കൊച്ചി: (KVARTHA) സുപ്രീം കോടതി ഉത്തരവിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, രണ്ട് ആള്‍ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം തുടങ്ങിയവയാണു ജാമ്യ വ്യവസ്ഥകള്‍. 

 

ജാമ്യ വ്യവസ്ഥയില്‍ എന്തൊക്കെ ഉള്‍പ്പെടുത്താമെന്ന് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം തീരുമാനിക്കണം എന്നും കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ സുപ്രീം കോടതി ഉത്തരവ് വ്യാഴാഴ്ച വിചാരണ കോടതിയില്‍ സമര്‍പ്പിക്കുകയും കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു.

 

സുപ്രീം കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ വിചാരണ അനന്തമായി നീണ്ടുപോകുന്നതും അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസം വിസ്തരിച്ചതും കോടതി ചൂണ്ടിക്കാട്ടി. 

 

സംഭവം നടന്ന് ഏഴര വര്‍ഷമായിട്ടും വിചാരണ തീരാത്തതിനെ പരിഹസിച്ച സുപ്രീം കോടതി എന്ത് വിചാരണയാണ് ഇതെന്ന് ചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായി കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകനാണ് വിചാരണ വൈകിപ്പിക്കുന്നതെന്ന് നടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇത്തരമൊരു സാഹചര്യത്തില്‍ അടുത്തൊന്നും വിചാരണ തീരാന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്.


2017 ഫെബ്രുവരി 17നാണു ഓടുന്ന കാറില്‍ വച്ച് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നടിയുടെ കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ച് നിര്‍ത്തുകയും പള്‍സര്‍ സുനിയും സംഘവും കാറിനുള്ളില്‍ കയറി നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ അന്നുതന്നെ അറസ്റ്റ് ചെയ്തു. പള്‍സര്‍ സുനിയും സുഹൃത്തായ വിജീഷും സംഭവത്തിനുശേഷം ഒളിവില്‍ പോയി.

 

ഒരാഴ്ചയ്ക്കു ശേഷം പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പൊലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 10ന് സുനിയേയും വിജീഷിനെയും റിമാന്‍ഡ് ചെയ്തു. ഇടയ്ക്ക് പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഏതാനും മണിക്കൂറുകള്‍ ഇളവ് അനുവദിച്ചത് ഒഴിച്ചാല്‍ അന്നു മുതല്‍ പള്‍സര്‍ സുനി ജയിലിലാണ്.

#PulsarSuni #ActressAttackCase #KeralaCourt #BailGranted #SupremeCourtVerdict #LegalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia