മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു, പൊലീസ് എത്തുന്നത് വരെ അവശരായ കുട്ടികളെ വൈദ്യുതാഘാതവും ഏല്‍പ്പിച്ചു; ഡയറി ഫാം ഉടമ അറസ്റ്റില്‍
Jul 16, 2021, 15:14 IST
ലക്‌നൗ: (www.kvartha.com 16.07.2021) ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികള്‍ക്ക് ക്രൂരമര്‍ദനം. മോഷണം ആരോപിച്ച് അഞ്ച് കുട്ടികളെയാണ് കെട്ടിയിടുകയും മര്‍ദിക്കുകയും വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ ഡയറി ഫാം ഉടമ അറസ്റ്റില്‍.
അവശരായ കുട്ടികളെ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഗംഗാപുരില്‍ ഡയറി ഫാം നടത്തുന്ന അവിനേശ് കുമാര്‍ യാദവിനെതിരെയാണ് ബരാധരി പൊലീസ് കേസെടുത്തത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അവിനേശിനും അനുയായികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചെന്നും എസ് പി രവീന്ദര്‍ കുമാര്‍ പറഞ്ഞു.
അടുത്തിടെ അവിനേശിന്റെ 30,000രൂപയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. പ്രദേശത്ത് താമസിക്കുന്ന കുട്ടികള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി സംശയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൂട്ടാളികളുമായെത്തി അഞ്ച് കുട്ടികളെയും ഇവരുടെ വീട്ടില്‍നിന്ന് വലിച്ച് പുറത്തിറക്കിയശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അനുയായികളുടെ സഹായത്തോടെ കുട്ടികളെ വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും ചെയ്തു.
ഇതിനിടെ കോപാകുലരായ പരിസരവാസികളും കുട്ടികളുടെ കുടുംബങ്ങളും ഡയറി ഫാം ആക്രമിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇയാള്‍ പിടികൂടിയ കുട്ടികളില്‍ ഏറ്റവും ചെറിയ കുട്ടിയെ ഡയറി ഫാമിലേക്ക് കൂട്ടികൊണ്ടുപോകുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കുട്ടിക്ക് വെള്ളം നല്‍കാന്‍ പോലും അയാള്‍ തയാറായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.