Assault | 'കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു'; കൊൽക്കത്തയ്ക്ക് പിന്നാലെ ബെംഗ്ളൂറിൽ നിന്നും ഞെട്ടിക്കുന്ന സംഭവം പുറത്ത്
ബെംഗ്ളുറു: (KVARTHA) കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് രാജ്യമൊന്നാകെ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കെ, ബെംഗളൂരുവിൽ നിന്ന് നടുക്കുന്ന അതിക്രമം പുറത്ത്. നഗരത്തിലെ ഒരു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനിയായ യുവതിയെ അജ്ഞാത വ്യക്തി ബൈക്കിൽ ലിഫ്റ്റ് നൽകി കൂട്ടിക്കൊണ്ട് പോയി
ബലാത്സംഗം ചെയ്തതായാണ് പരാതി.
പൊലീസ് വിവരങ്ങൾ ശേഖരിച്ച് പ്രതിയെ പിടികൂടാൻ അഞ്ചംഗ സംഘം രൂപീകരിച്ചു. കോറമംഗലയിൽ ഒരു പാർട്ടിയിൽ പങ്കെടുത്ത് ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് 21 കാരിയായ വിദ്യാർഥിനിയെ ആക്രമിച്ചതെന്ന് പൊലീസ് കമ്മീഷണർ (ഈസ്റ്റ് സോൺ) രാമൻ ഗുപ്തയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. 'ഒരു അപരിചിതൻ യുവതിക്ക് ലിഫ്റ്റ് നൽകി. എന്നാൽ പറഞ്ഞ സ്ഥലത്തേക്ക് പോകുന്നതിന് പകരം ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഞങ്ങൾ അന്വേഷണം തുടരുകയാണ്, ഉടൻ തന്നെ കുറ്റവാളിയെ അറസ്റ്റ് ചെയ്യും', പൊലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. വിവരത്തെ തുടർന്ന് എച്ച്എസ്ആർ ലെയ്ഔട്ടിൽ ലോറിക്ക് പിന്നിൽ ചുവന്ന ജാക്കറ്റ് ധരിച്ച് കണ്ടെത്തിയ വിദ്യാർഥിനിയെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ഥലത്ത് അജ്ഞാതനായ ഒരാൾ പാൻ്റ് മാത്രം ധരിച്ച് നിൽക്കുന്നത് യുവതിയുടെ സുഹൃത്തുക്കൾ കണ്ടതായും അവർ പിടികൂടാൻ ശ്രമിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസിപി രാമൻ ഗുപ്ത പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.