Doctor Killed | പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതായി പരാതി; 'ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലി കൊന്നു'
Sep 20, 2022, 15:06 IST
ബെംഗ്ളൂറു: (www.kvartha.com) തന്റെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത ഡോക്ടറെ പ്രതിശ്രുത വധുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പൊലീസ്. ബിടിഎം ലേഔടില്‍ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോ. വികാഷ് രാജന് (27) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ദേശീയ മെഡികല്‍ മിഷന്റെ ഫോറിന് മെഡികല്‍ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്എംജിഇ) പരിശീലനത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂറില്‍ എത്തിയ വികാഷും യുവതിയും രണ്ടു വര്‍ഷമായി സൗഹൃദത്തിലും പ്രണയത്തിലുമായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി.
ഇതിനിടെ സുഹൃത്തിന്റെ പേരില്‍ വ്യാജ അകൗണ്ട് ആരംഭിച്ച വികാഷ്, പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചെന്നാണ് ആരോപണം. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു. സെപ്റ്റംബര്‍ എട്ടിന് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്നചിത്രങ്ങള്‍ കണ്ട യുവതി ഞെട്ടി. വികാഷിനോട് ഇതേപ്പറ്റി ചോദിച്ചു.
എന്നാല്‍ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടു. സഹപാഠിയായ സുശീലിനോട് ഇക്കാര്യം യുവതി പറഞ്ഞു. വികാഷിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചു. കൂട്ടുകാരായ ഗൗതവും സൂര്യയും ഇവരുടെ കൂടെച്ചേര്‍ന്നു.
അങ്ങനെ സെപ്റ്റംബര്‍ 10ന് വികാഷിനെ സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇവര്‍. ചൂലുകളും വെള്ളക്കുപ്പിയും മറ്റും ഉപയോഗിച്ചു വികാഷിനെ ഇവര്‍ മര്‍ദിച്ചു. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതികളുടെ മൊഴി. ബോധരഹിതനായ വികാഷിനെ ഇവര്‍തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതും.
പിന്നീട് വിവരം വികാഷിന്റെ സഹോദരന് വിജയ്യെ യുവതി അറിയിച്ചു. താന്‍ ഫോണ്‍ വിളിക്കുന്നതിനിടെ, സുഹൃത്തുക്കളും വികാഷും തമ്മില്‍ വഴക്കുണ്ടാവുകയും അവര്‍ മര്‍ദിച്ചെന്നുമാണ് യുവതി പറഞ്ഞത്. സുശീലിന്റെ ബെഗുരിലെ വീട്ടിലായിരുന്നു കൊലപാതകം. മാരകമായി മര്‍ദനമേറ്റ വികാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സെപ്റ്റംബര്‍ 14ന് മരിച്ചു.
യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടപ്പാക്കിയത്. പൊലീസ് അന്വേഷണത്തിലാണ് പ്രതികളുടെ പ്രതികാരവും ആസൂത്രണവും വെളിപ്പെട്ടത്. ഒളിവില്‍പ്പോയ സൂര്യയെ പൊലീസ് അന്വേഷിക്കുകയാണ്. മറ്റു പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികളെല്ലാവരും ബിടിഎം ലേഔടിലെ താമസക്കാരും ആര്കിടെക്ടുമാരുമാണ്. യുക്രെയ്നില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ്, രണ്ടുവര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് ബെംഗ്ളൂറിലേക്ക് വന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.