ATM Theft | കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന കേസിൽ ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ടുപേർ പിടിയിൽ; കുരുക്കായത് സിസിടിവി ദൃശ്യങ്ങൾ


● ചെങ്ങന്നൂര്‍ ബ്ലോക്ക് അംഗം സുജന്യ ഗോപിയാണ് അറസ്റ്റിലായത്.
● നഷ്ടപ്പെട്ട എടിഎം കാർഡ് ഉപയോഗിച്ച് 25,000 രൂപ പിൻവലിച്ചു.
● എടിഎം കാർഡിന്റെ പിന്നിൽ പിൻ നമ്പർ എഴുതി സൂക്ഷിച്ചിരുന്നു.
ആലപ്പുഴ: (KVARTHA) ചെങ്ങന്നൂരിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന കേസിൽ ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗം അടക്കം രണ്ടുപേർ അറസ്റ്റിൽ. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42), കൂട്ടാളി സലിഷ് മോൻ എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്.
ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എ ടി എം കാർഡാണ് ഇക്കഴിഞ്ഞ 14ന് നഷ്ടപ്പെട്ടത്. പിറ്റേന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും മാന്നാർ, ബുധനൂർ, പാണ്ടനാട് എന്നിവിടങ്ങളിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിന്നായി 25,000 രൂപ പിൻവലിച്ചതായി പരാതിയിൽ പറയുന്നു. കാർഡ് ഉടമ എടിഎം കാർഡിന്റെ പിന്നിൽ പിൻ നമ്പർ എഴുതി സൂക്ഷിച്ചിരുന്നു. ഇത് പണം തട്ടാൻ എളുപ്പമാക്കി.
പണം പിൻവലിച്ചതായി ബാങ്കിൽ നിന്ന് സന്ദേശം ലഭിച്ച ഉടൻ തന്നെ വിനോദ് ഏബ്രഹാം ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് വിവിധ എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സുജന്യയെയും സലിഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A BJP Block Panchayat member and his accomplice were arrested for stealing money using a lost ATM card. The theft was discovered through CCTV footage.
#ATMTheft #BJPMember #Arrested #CCTVFootage #CrimeNews #KeralaNews