● വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
● നടപടി ഹണി റോസിനെ അപമാനിച്ച കേസിൽ
● എറണാകുളം സെൻട്രൽ പൊലീസിന്‍റെ കർശന നടപടി
കൊച്ചി: (KVARTHA) നടി ഹണി റോസിൻ്റെ പരാതിയെ തുടർന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തി, അവ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. വയനാട്ടിൽ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ബോബി ചെമ്മണ്ണൂർ തനിക്കെതിരെ തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തിയെന്ന് ഹണി റോസ് തൻ്റെ പരാതിയിൽ ആരോപിച്ചിരുന്നു. സെൻട്രൽ എസിപി ജയകുമാറിൻ്റെ മേൽനോട്ടത്തിൽ പത്തംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സംഘത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ബോബി ചെമ്മണ്ണൂർ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് പൊലീസ് നീങ്ങുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൂർ ജില്ലയിലെ ആലക്കോട് എന്ന സ്ഥലത്ത് ബോബി ചെമ്മണ്ണൂരിൻ്റെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഹണി റോസ് അതിഥിയായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവത്തിന് ശേഷം വിവിധ വേദികളിൽ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായതായും ഹണി റോസ് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെയും പൊലീസ് ശക്തമായ നടപടിയെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി ആക്ഷേപകരമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ അശ്ലീല കമന്റുകൾ ഇട്ട 27 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
#BobbyChemmanur #HoneyRose #Arrest #Assault #Kerala #WomenSafety #Cybercrime