Remand | ജാമ്യാപേക്ഷ തള്ളി, ബോബി ചെമ്മണൂർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു
● ഹണി റോസിന്റെ പരാതിയിലാണ് നടപടി
● പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ നിരത്തി.
● ബോബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു
കൊച്ചി: (KVARTHA) നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ബോബി ചെമ്മണൂരിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യാപേക്ഷ തള്ളി റിമാൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
കേസിൽ ബോബി ചെമ്മണൂരിന്റെ ഭാഗം ശക്തമായ വാദങ്ങൾ നിരത്തിയിരുന്നു. പ്രമുഖ അഭിഭാഷകൻ ബി. രാമൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോബിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പരാമർശിച്ചതെന്നും ബോബി വാദിച്ചു. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും നടി പരാതി നൽകാൻ വൈകിയതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ആലക്കോട് നടന്ന ഉദ്ഘാടന പരിപാടിയിൽ അപമാനിച്ചെന്ന വാദം ശരിയല്ലെന്നും അതിന്റെ ദൃശ്യങ്ങൾ നടി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൂടാതെ, സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് പരാതി നൽകിയിരിക്കുന്നതെന്നും ഇത് അറസ്റ്റ് ചെയ്യേണ്ട കുറ്റകൃത്യമായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. പരിപാടിക്ക് ശേഷം ഹണി റോസുമായി സൗഹൃദമുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ ഹാജരാക്കാമെന്നും പ്രതിഭാഗം അറിയിച്ചു.
എന്നാൽ, പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളുമായി പ്രതിഭാഗത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹണി, ബോബി ചെമ്മണൂർ പരാതിക്കാരിയെ നിരന്തരം പിന്തുടർന്ന് അധിക്ഷേപിച്ചതിന് തെളിവുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചു. ഹണി റോസ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഇരു വിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷം കോടതി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു. കാക്കനാട് ജില്ലാ ജയിലിലേക്കാണ് മാറ്റുക. വിധി കേട്ടതിന് പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു.
#BobbyChemmanur #HoneyRose #KeralaNews #Remand #CourtVerdict #Harassment