Arrest | ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; രാത്രിയിൽ സ്റ്റേഷനിൽ തന്നെ; വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും
● ഹണി റോസിൻ്റെ പരാതിയിൽ അറസ്റ്റ്
● ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
● പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊച്ചി: (KVARTH) നടി ഹണി റോസിൻ്റെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബുധനാഴ്ച രാവിലെ വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ബുധനാഴ്ച രാത്രി സ്‌റ്റേഷനില്‍ തുടരുമെന്നാണ് വിവരം.
ബോബി ചെമ്മണ്ണൂരിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും എന്നും വിവരങ്ങളുണ്ട്. അതേസമയം ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകാനുള്ള സാധ്യതയും നിലനിൽക്കുന്നു. അശ്ലീല പരാമർശങ്ങൾ നടത്തുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
സെൻട്രൽ എസിപി ജയകുമാറിൻ്റെ മേൽനോട്ടത്തിൽ പത്തംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സംഘത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇതിനിടെ ഹണി റോസ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൂർ ജില്ലയിലെ ആലക്കോട് എന്ന സ്ഥലത്ത് ബോബി ചെമ്മണ്ണൂരിൻ്റെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഹണി റോസ് അതിഥിയായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
ഈ സംഭവത്തിന് ശേഷം വിവിധ വേദികളിൽ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായതായും ഹണി റോസ് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെയും പൊലീസ് ശക്തമായ നടപടിയെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.
#BobyChemmanur #HoneyRose #Arrest #SexualHarassment #KeralaPolice #Crime