Security Risk | ഇനിയും അറുതിയില്ല: ചൊവാഴ്ച മാത്രം 103 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ്
● ഇതില്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടും
● മുംബൈ പൊലീസ് മാത്രം ഇതുവരെ 14 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
● 25 വയസ്സുകാരനായ യുവാവ് ഡെല്‍ഹിയില്‍ അറസ്റ്റില്‍
ന്യൂഡെല്‍ഹി: (KVARTHA) ഇന്ത്യന്‍ വിമാനങ്ങള്‍ക്കെതിരെ ഉയരുന്ന വ്യാജ ബോംബ് ഭീഷണികള്‍ക്ക് അവസാനമില്ല. കഴിഞ്ഞ രണ്ടാഴ്ചയായി അന്വേഷണ സംഘങ്ങളെ വെട്ടിലാക്കിയ ഭീഷണികള്‍ ചൊവ്വാഴ്ചയും തുടരുന്നു. ചൊവാഴ്ച മാത്രം 103 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി നേരിട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
എയര്‍ ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം, വിസ്താരയുടെ 32 വിമാനം എന്നിവയ്ക്കാണ് ചൊവാഴ്ച ഭീഷണിയുണ്ടായത്. കഴിഞ്ഞ 16 ദിവസത്തിനിടെ 510 ല്‍ അധികം വിമാനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ഭീഷണിയുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടും.
മുംബൈ പൊലീസ് മാത്രം ഇതുവരെ 14 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് വിമാനങ്ങള്‍ക്കെതിരെ ബോംബ് ഭീഷണി ഉയര്‍ത്തിയതിന്റെ പേരില്‍ ശനിയാഴ്ച ഡെല്‍ഹി പൊലീസ് 25 വയസ്സുകാരനായ ഉത്തംനഗര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
വിമാനങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ സമൂഹമാധ്യമ കമ്പനികള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയം മുന്നറിയിപ്പും നല്‍കിയിരുന്നു. ഭീഷണികള്‍ സംബന്ധിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിച്ചാല്‍ വിവരം കൈമാറണമെന്നും മറിച്ചായാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്.
അതേസമയം, വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പൊലീസ് പറഞ്ഞു. ഗോന്തിയ ജില്ലയിലെ 35കാരനായ ജഗദീഷ് ഉയ്ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പൊലീസ് സ്പെഷല്‍ ബ്രാഞ്ച് തിരിച്ചറിഞ്ഞത്.
2021ല്‍ ഒരു കേസില്‍ അറസ്റ്റിലായ ഇയാള്‍ തീവ്രവാദത്തെപ്പറ്റി പുസ്തകമെഴുതിയിട്ടുണ്ടെന്നാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം. ജഗദീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വ്യാജസന്ദേശങ്ങളടങ്ങിയ ഇമെയിലുകള്‍ വന്നത് ഇയാളില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപവത് കരിച്ചിട്ടുണ്ട്.
#BombThreat #IndianFlights #Security #Aviation #Police