കവർചാശ്രമത്തിനിടെ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തുകയും കാഷ്യറെ പരിക്കേല്‍പിക്കുകയും ചെയ്തു; കഴുത്തിന് കുത്തേറ്റിട്ടും 32 കാരിയായ ജീവനക്കാരിയുടെ അസാമാന്യ ധീരതയില്‍ മുന്‍ ബാങ്ക് മാനേജര്‍ കുടുങ്ങി
Jul 31, 2021, 16:11 IST
മുംബൈ: (www.kvartha.com 31.07.2021) കവർചാശ്രമത്തിനിടെ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടിയ മുന്‍ ബാങ്ക് മാനേജരെ സാഹസികമായി കുടുങ്ങി പരിക്കേറ്റ കാഷ്യര്‍. മഹാരാഷ്ട്രയിലെ വിരാറിലാണ് ഐ സി ഐ സി ഐ ബാങ്ക് മുന്‍ ജീവനക്കാരന്‍ കവർചാശ്രമത്തിനിടെ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തുകയും കാഷ്യറെ പരിക്കേല്‍പിക്കുകയും ചെയ്തത്. യോഗിത വര്‍തക് (34) ആണ് മരിച്ചത്.
കഴുത്തിന് കുത്തേറ്റിട്ടും പ്രതിയായ അനില്‍ ദുബെയെ തടയുകയും അലമുറയിട്ട് സമീപവാസികളെ വിവരമറിയിക്കുകയും ചെയ്ത കാഷ്യര്‍ ശ്വേത ദേവ്‌രുഖാണ് (32) അസാമാന്യ ധീരത കാണിച്ചത്. സുരക്ഷ ഗാര്‍ഡുകള്‍ ഇല്ലാത്ത ബാങ്കിന് പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിച്ച ദുബെയെ തടയുകയും നാട്ടുകാരോട് സഹായത്തിന് അപേക്ഷിക്കുകയും ചെയ്ത ശ്വേതയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ഐ സി ഐ സി ഐ ബാങ്കിന്റെ മന്‍വേല്‍പാഡ ശാഖയിലെ മാനേജരായിരുന്നു ദുബെ. കഴിഞ്ഞ ആഗസ്റ്റിലാണ് ദുബെ നായ്‌ഗോണിലെ ആക്‌സിസ് ബാങ്ക് ശാഖ മാനേജരായി ചേര്‍ന്നത്. രണ്ട് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തി പരമാവധി പണം കൈക്കലാക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടതെന്നും എന്നാല്‍ ശ്വേതയുടെ അസാമാന്യ ധീരതയാണ് ഇത് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ബാങ്കില്‍ നിന്ന് ആഭരണങ്ങളും പണവുമടക്കം 1.38 കോടി രൂപയാണ് ഇയാള്‍ കൈക്കലാക്കിയിരുന്നത്.
ഭീതിയുടെ ആ 13 മിനിറ്റ് സമയത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് വിവരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ടാണ് ദുബെ മന്‍വേല്‍പാഡ ശാഖയിലെ മാനേജരും മുന്‍ സഹപ്രവര്‍ത്തകയുമായ യോഗിത വര്‍തകിനെ കാണാനായി ബാങ്കിലെത്തിയത്. ദുബെയും യോഗിതയും ജോലി മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ബാങ്കിനകത്തെ ചെറിയ മെസ് റൂമിലെത്തി. ഇതിനിടെ യോഗിത എഴുന്നേറ്റ് തിരിയാന്‍ ശ്രമിക്കുന്നതിനിടെ ദുബെ തന്റെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തില്‍ തുരുതുരെ കുത്തി. സഹായത്തിനായി അവര്‍ ഉറക്കെ കരഞ്ഞെങ്കിലും ദുബെ കുത്തിക്കൊണ്ടിരുന്നു. ഏഴോ എട്ടോ തവണയാണ് ദുബെ യോഗിതയുടെ കഴുത്തില്‍ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മെസ് റൂമിലെത്തിയ ശ്വേത യോഗിത കുത്തേറ്റ് വീണു കിടക്കുന്നതാണ് കണ്ടത്. ഇതോടെ ശ്വേതക്കെതിരെ തിരിഞ്ഞ ദുബെ മറ്റൊരു കത്തിയെടുത്ത് ശ്വേതയുടെ കഴുത്തിന് കുത്തി. കുത്തേറ്റ ശ്വേത നിലത്ത് വീണു.
ബാങ്കിന്റെ സ്‌ട്രോങ് റൂമിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കാനായി ദുബെ ബാഗുമെടുത്ത് പോയി. ദുബെ രക്ഷപ്പെടാന്‍ ഒരുങ്ങുന്നതിനിടെ കഴുത്തിലെ മുറിവ് ഒരു കൈ കൊണ്ട് അമര്‍ത്തി പിടിച്ച് ശ്വേത അപായ മണി മുഴക്കാനായി മാനേജരുടെ കാബിനിലേക്ക് പോയി. മോഷണ മുതലുമായി കടന്നുകളയാന്‍ ശ്രമിച്ച പ്രതി ബാങ്കില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ശ്വേത തടഞ്ഞു. കത്തിയെടുത്ത ദുബെ അവളെ വീണ്ടും കുത്തി. പ്രധാന വാതിലിലൂടെ ദുബെ ബാങ്കിന്റെ പുറത്ത് കടന്നു. അയാളെ പിന്തുടര്‍ന്ന് പുറത്തെത്തിയ ശ്വേത ഒച്ച വെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ പൊലീസ് സംഭവ സ്ഥലത്തെത്തി. രക്തത്തില്‍ കുളിച്ച് ചലനമറ്റ നിലയിലാണ് യോഗിതയെ കണ്ടത്. ശ്വേതക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് യോഗിത അന്ത്യശ്വാസം വലിച്ചത്. മരിച്ച യോഗിതയുടെ ഭര്‍ത്താവ് മരുന്ന് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മൂന്ന് വയസായ മകനുണ്ട്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്വേത ചികിത്സയില്‍ കഴിയുകയാണ്.
ദുബെ മൂന്ന് ബാങ്കുകളില്‍ നിന്ന് ഭീമമായ സംഖ്യ വായ്പയെടുത്തിരുന്നതായും അവ തിരിച്ചടക്കാന്‍ സാധിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് ഒരു മൊബൈല്‍ കട തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. ഇതിനിടെ ഓഹരി വ്യാപാരത്തില്‍ ഇറങ്ങിയെങ്കിലും വന്‍ നഷ്ടം സംഭവിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം സംഭവത്തില്‍ ആറ് മണിക്ക് ശേഷം ബാങ്കിന് സുരക്ഷ ഗാര്‍ഡുകള്‍ ഇല്ലാത്തതില്‍ വിമര്‍ശനം ഉയരുകയാണ്. സുരക്ഷ ഗാര്‍ഡുകളുടെ അസാന്നിധ്യത്തിലും വനിത ജീവനക്കാര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒരുക്കിയതിന് ഐ സി ഐ സി ഐ ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.