Violence Crisis | ക്രൂരമാവുന്നു കേരളം; ചോര വീഴ്ത്തുന്ന കൂട്ട കൊലപാതകങ്ങൾക്ക് പിന്നിലെന്ത്?


● കേരളത്തിൽ കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്ക.
● ലഹരിയുടെയും സ്വാധീനം കൊലപാതകങ്ങളിൽ വർധിക്കുന്നു.
● പെറ്റമ്മയെയും പോലും ദാക്ഷിണമില്ലാതെ കൊല്ലുന്ന സംഭവങ്ങളുണ്ടായി.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) നമ്മുടെ കേരളം അതിക്രൂരമായി വയലൻസിൻ്റെ ഇരയായി മാറിയിരിക്കുന്നുവെന്ന വാർത്തകളാണ് ഓരോ ദിനം കഴിയുന്തോറും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായുള്ള കൂട്ടക്കൊലപാതകങ്ങൾ വറ്റാത്ത ചുടുചോരയായി തളം കെട്ടി നിൽക്കുന്നു. നാടിനെ ഞെട്ടിക്കുന്ന, പ്രബുദ്ധകേരള മനുഷ്യമനഃസാക്ഷിയെ വരെ നാണിപ്പിക്കുന്ന തരത്തിലുള്ള കൊലപാതകങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിൽ ഉണ്ടായിരിക്കുന്നത്.
ലഹരിക്ക് അടിമയാവരാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങൾ. ഇതുകൂടാതെ മന്ത്രവാദവും കുടുംബ വഴക്കും വ്യക്തിവൈരാഗ്യവും പണത്തോടുള്ള ആർത്തിയുമൊക്കെ കൊലപാതകങ്ങൾക്ക് ഹേതുവായി മാറുന്നു. നിരവധി കുറ്റകൃത്യങ്ങൾ, സ്വന്തം ചോരയെന്ന് പോലും നോക്കാതെയുളള, പെറ്റമ്മയെന്ന് പോലും നോക്കാതെയുളള കൊലപാതകങ്ങൾ. ഏറ്റവും ഒടുവില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല. 2025ലേക്ക് കടന്ന മലയാളിയുടെ മുൻപിൽ ക്രൂരകൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ് അരങ്ങേറുന്നത്.
ജനുവരി 18നാണ് കേരളം ഞെട്ടിയ ആ സംഭവമുണ്ടാകുന്നത്. കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നുവെന്ന വാർത്ത മലയാളികളെ ആകെ സങ്കടത്തിലാക്കിയതാണ്. ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണമായും കിടപ്പിലായിരുന്ന സുബൈദയെയാണ് മകൻ ആഷിഖ് വെട്ടിക്കൊന്നത്. കോളേജ് കാലം മുതൽക്കേ ലഹരിക്കടിമയായിരുന്നു ആഷിഖ്. പിന്നാലെ ആഷിഖ് വീട്ടിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
ഇത്തരത്തിൽ പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു തവണ നാട്ടുകാർ പിടിച്ച് ആഷിഖിനെ പൊലീസിൽ ഏൽപിച്ചിരുന്നു. പിന്നീട് ആഷിഖിനെ ഡീ അഡിക്ഷൻ സെൻ്ററുകളിൽ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് അമ്മയെ കാണാൻ എത്തിയപ്പോളാണ് ആഷിഖ് ഈ ക്രൂരകൃത്യം നടത്തിയത്. പൊലീസ് പിടികൂടിയ ശേഷം ആഷിഖ് പറഞ്ഞ ഒരു വാചകമാണ് നമ്മുടെയെല്ലാം മനസിനെ ഉലച്ചിരുന്നത്. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് താൻ നടപ്പാക്കിയതത്രെ ! ഒരാളും ഒരുകാലത്തും മറക്കാത്ത ഒരു വാചകമായിരുന്നു അന്ന് പ്രതി ആഷിഖ് പറഞ്ഞത്.
ജനുവരി 16-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയൽക്കാരനായ റിതു എന്ന ചെറുപ്പക്കാരനായിരുന്നു പ്രതി. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. പ്രദേശത്തെ സ്ഥിരം പ്രശ്നകാരനായിരുന്നു റിതു. രാത്രികളിൽ സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമുള്ള ആരോപണങ്ങളും റിതുവിനെതിരെ ഉയർന്നിരുന്നു.
റിതു പരിസരവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. ആക്രമണം നേരിട്ട കുടുംബവുമായും റിതു നേരത്തെ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് ക്രൂരമായ കൊലപാതത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ. ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമായിരുന്നു റിതു കൊലപാതകം നടത്തിയത്. ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നില്ല. കൊല്ലണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു റിതുവിന് ഉണ്ടായിരുന്നത്.
കൊലപാതകത്തിന് ശേഷം ജിതിന്റെ ബൈക്കെടുത്ത് പോകുകയായിരുന്ന റിതുവിനെ ഹെല്‍മറ്റില്ലാതെ കണ്ടതോടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് വേണുവിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ വിവരം യാതൊരു കൂസലുമില്ലാതെ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയതും ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറംലോകം അറിയുന്നതും. കേസിൽ നിന്ന് രക്ഷപ്പെടാൻ തനിക്ക് മാനസിക രോഗമുണ്ടെന്നുള്ള നുണകളാണ് റിതു പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തില്‍ ഈ കള്ളങ്ങളെല്ലാം പൊളിഞ്ഞു.
മേൽപ്പറഞ്ഞ സംഭവങ്ങൾ കേരളത്തിന്റെ മനസാക്ഷിപ്രതലങ്ങളിൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങാതെ നിൽക്കുമ്പോഴാണ് നെന്മാറയില്‍ ചെന്താമര ഇരട്ടകൊലപാതകം നടത്തിയത്. ദിവസങ്ങളോളം പൊലീസുകാരെ വട്ടം കറക്കിച്ചും, നാട്ടുകാരുടെ ഉറക്കം കെടുത്തിയ ശേഷവുമാണ് ചെന്താമര പിടിയിലാകുന്നത്. പൊലീസ് സേന അസാധാരണമായ സമ്മർദ്ദം അനുഭവിക്കുന്നതും, നാട്ടുകാർ ഒന്നടങ്കം പ്രകോപിതരായി പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നതും അടക്കമുളള നിരവധി സംഭവങ്ങൾക്കും നമ്മൾ ഇതിനിടെ സാക്ഷ്യം വഹിച്ചു.
ജനുവരി 27നാണ് ചെന്താമര ക്രൂരമായ കൊലപാതകം നടത്തിയത്. 2019ൽ താൻ കൊന്ന സജിതയെന്ന സ്ത്രീയുടെ ഭർത്താവായ സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്‌മിയെയുമാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകളും ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തിയത്. പട്ടാപ്പകൽ നടത്തിയ ഈ കൊലപാതകത്തിന് ശേഷം ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് കാടടച്ച് ചെന്താമരയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.
തുടർന്ന് ജനുവരി 28ന് പോത്തുണ്ടി മാട്ടായിയില്‍ നിന്ന് ചെന്താമര പിടിയിലാകുകയായിരുന്നു. രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പൊലീസിനോട് ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ അനിയന്‍ ഉറപ്പായും വരുമെന്നും രാധാകൃഷ്ണന്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വെച്ച കെണിയിലാണ്
ചെന്താമര കുടുങ്ങിയത്.
ഇങ്ങനെ കേരളത്തിൽ കൂട്ടക്കൊലകൾ, ക്വട്ടേഷൻ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് ഉപയോഗം, ബ്ലേഡ്, സ്വർണ കടത്ത് മാഫിയ, സെക്സ് റാക്കറ്റ് എന്നിവയൊക്കെ പിടി മുറുക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിൽക്കുന്നത്. പരസ്പരം പോരടിക്കുന്ന മത, രാഷ്ട്രീയ,സാമുദായിക സംഘടനകൾക്ക് കുടുംബങ്ങളിൽ യാതൊരു ഗുണകരമായ സ്വാധീനവും ചെലുത്താൻ കഴിയുന്നില്ലെന്നാണ് ഇത്തരം കൂട്ടക്കൊലകൾ തെളിയിക്കുന്നത്. കൂടത്തായി, പിണറായി കൂട്ടക്കൊലകൾ ഉൾപ്പെടെ ജോളിയും സൗമ്യയുമൊക്കെ പെൺ കൊലപാതകികളായി അവതരിച്ചതും നമ്മുടെ നാട്ടിൽ തന്നെയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Brutal murders and crimes in Kerala, influenced by drug abuse, personal grudges, and economic struggles, have shocked the state. What’s fueling this violence?
#KeralaViolence, #MurderCrimes, #DrugAddiction, #KeralaNews, #BrutalityInKerala, #ViolenceInKerala