Crime | വളപട്ടണം മന്നയിലെ കോടികളുടെ മോഷണം: പ്രതിയായ അയല്‍വാസി റിമാന്‍ഡില്‍

 
Burglary in Valappattanam: Neighbor Arrested
Burglary in Valappattanam: Neighbor Arrested

Photo: Arranged

● കസ്റ്റഡിയില്‍ വാങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം.
● കവര്‍ച നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാള്‍
● സ്വര്‍ണവും പണവും പൊലീസ് കണ്ടെടുത്തു.

കണ്ണൂര്‍: (KVARTHA) വളപട്ടണത്ത് 1.21 കോടി രൂപയും 267 പവനും കവര്‍ന്ന കേസിലെ പ്രതിയെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. മോഷണം നടന്ന വീട്ടുടമ അശ്‌റഫിന്റെ അയല്‍വാസി ലിജീഷിനെയാണ് റിമാന്‍ഡ് ചെയ്തത്. 

പൊലീസ് അന്വേഷണ സംഘം പറയുന്നത്: കവര്‍ച നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് ലിജീഷ്. 1.21 കോടി രൂപയും 267 പവനും ആണ് കെ പി അശ്‌റഫിന്റെ വീട്ടില്‍നിന്ന് കവര്‍ന്നത്. സ്വര്‍ണവും പണവും കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവര്‍ച നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് നേരത്തെതന്നെ എത്തിയിരുന്നു.

നവംബര്‍ 19ന് വീട് പൂട്ടി മധുരയില്‍ വിവാഹത്തിന് പോയ വളപട്ടണം മന്നയിലെ അശ്‌റഫും കുടുംബവും 24ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ചാവിവരം അറിയുന്നത്. ലോകറില്‍ സൂക്ഷിച്ച ഒരുകോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയെന്നായിരുന്നു പരാതി നല്‍കിയത്.

വീടിന്റെ താഴത്തെ നിലയിലെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകയറിയ ലിജീഷ് ലോകര്‍ തുറന്നാണ് പണവും സ്വര്‍ണാഭരണങ്ങളും എടുത്തത്. പണവും സ്വര്‍ണവും സൂക്ഷിച്ച ലോകറിന്റെ താക്കോല്‍ മറ്റൊരു ഷെല്‍ഫില്‍വെച്ചശേഷം ഇതിന്റെ താക്കോല്‍ മറ്റൊരിടത്ത് വെച്ചാണ് അശ്റഫും കുടുംബവും വീട് പൂട്ടിപ്പോയത്. ഈ താക്കോല്‍ എടുത്താണ് മോഷ്ടാവ് ലോകര്‍ തുറന്നത്. 20നാണ് മോഷണം നടത്തിയത്.

Burglary in Valappattanam: Neighbor Arrested

ഒരാള്‍ മാത്രമാണ് അകത്ത് കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അശ്‌റഫിന്റെ നീക്കങ്ങള്‍ വ്യക്തമായി അറിയുന്നയാളാണ് കവര്‍ച നടത്തിയതെന്ന് അന്വേഷണ സംഘം ആദ്യ ദിവസം തന്നെ സംശയിച്ചിരുന്നു.

വിരലടയാള പരിശോധനയിലാണ് അന്വേഷണസംഘത്തിന് നിര്‍ണായകമായ തെളിവ് ലഭിച്ചത്. 76 വിരലടയാളങ്ങളാണ് പരിശോധിച്ചത്. കീച്ചേരിയില്‍നിന്ന് പൊലീസ് ശേഖരിച്ച വിരലടയാളവും അശ്റഫിന്റെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവും ഒന്നാണെന്ന് വ്യക്തമായതോടെ സംശയ നിഴലിലായിരുന്ന ലീജീഷിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ലീജീഷിനെ വിളിച്ചുവരുത്തി, വിരലടയാളം ഒന്നാണെന്ന് ഉറപ്പുവരുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ലിജീഷ് കുറ്റം സമ്മതിക്കുകയായിരുന്നു.

വെല്‍ഡിങ്ങ് തൊഴിലാളിയായ ഇയാള്‍ വീട്ടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കിയിരുന്നു. ഇതിലാണ് മോഷ്ടിച്ച പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്. 1, 21,42,000 രൂപയും 267 പവന്‍ സ്വര്‍ണവുമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. കണ്ണൂര്‍ സിറ്റി എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തില്‍ നാല് ഇന്‍സ്പെക്ടര്‍മാരടങ്ങുന്ന 20 അംഗ സംഘമാണ് കേസന്വേഷിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

#valappattanam #burglary #arrest #neighbor #gold #theft #kannur #policeinvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia