Drug Raid | കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

 
Cannabis Seized at Kalamassery Polytechnic Hostel
Cannabis Seized at Kalamassery Polytechnic Hostel

Photo Credit: Facebook/ Government Polytechnic College Kalamassery, Ernakulam

● ലഹരി പിടികൂടാൻ സഹായിച്ചത് വിദ്യാർത്ഥി സംഘടന.
● രണ്ട് കിലോയോളം കഞ്ചാവ് പിടികൂടി.
● ഹോസ്റ്റലിൽ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെത്തി.

കൊച്ചി: (KVARTHA) കളമശേരി സർക്കാർ പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർദേശം നൽകി. കോളേജിൽ നിന്ന് ലഹരി പിടികൂടാൻ സഹായമായത് വിദ്യാർത്ഥികളും കോളേജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടനയാണെന്നും മന്ത്രി വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അധ്യാപകരടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ്.ഐ.ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോഗ്രാം കഞ്ചാവാണ് ആകാശിൻ്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വിൽപ്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്.ഐ.ആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപ്പള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാർഥികളിൽ നിന്ന് രണ്ട് മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.

കളമശേരി പോളിടെക്നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് നേരത്തേ നിരീക്ഷണത്തിലായിരുന്നു. ഹോളി ആഘോഷത്തിനിടെ വലിയ അളവിൽ കഞ്ചാവ് എത്തിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു രാത്രിയിൽ മിന്നൽ പരിശോധന നടത്തിയത്. പോളിടെക്നിക് പരിസരത്ത് വെച്ച് ഇവിടുത്തെ ഒരു പൂർവവിദ്യാർഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ നാർക്കോട്ടിക് സെൽ, ഡാൻസാഫ്, കളമശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യയുടെ നിർദേശമനുസരിച്ചായിരുന്നു പരിശോധന. പുലർച്ചെ നാലു വരെ നീണ്ട റെയ്ഡിൽ രണ്ടു കിലോയോളം കഞ്ചാവാണ് പിടിച്ചത്. ഒന്നാം നിലയിൽ ജി-11 മുറിയിൽനിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും പിടിച്ചു. രണ്ടാം നിലയിലെ എഫ്-39 മുറിയിൽനിന്ന് 9.70 ഗ്രാമും പിടിച്ചു. മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.

മനപ്പൂർവം കേസിൽ കുരുക്കിയതാണെന്ന പ്രതികളുടെ ആരോപണം പൊലീസ് നിഷേധിച്ചു. എല്ലാ തെളിവുകളോടും കൂടി നിയമാനുസൃതമാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിൽ പൂർവ വിദ്യാർഥികളടക്കം വന്നു പോകുന്നുണ്ടെന്നും കഞ്ചാവ് എവിടെനിന്ന് എത്തി എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ക്യാമ്പസിൽനിന്ന് മുൻപും ചെറിയ അളവിൽ ലഹരിമരുന്ന് പിടികൂടിയിട്ടുണ്ടെന്നും ലഹരിയുടെ വരവ് തടയാൻ ആറുമാസമായി പൊലീസുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പോളിടെക്നിക് പ്രിൻസിപ്പൽ ഡോ. ഐജു തോമസ് പറഞ്ഞു. ക്യാമ്പസിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിദ്യാർഥിസംഘടനകൾ അടക്കം അതിൻ്റെ ഭാഗമാണ്. ഇപ്പോൾ അറസ്റ്റിലായവർ അവസാന വർഷ വിദ്യാർഥികളാണ്. ഒരാഴ്ച കൂടിയേ ഇവർക്ക് ക്ലാസ് ഉള്ളൂ. വിദ്യാർഥികളുടെ ഭാവിയെപ്പറ്റി അക്കാദമിക് കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

വിദ്യാർഥികളായ കൊല്ലം കുളത്തുപ്പുഴ വില്ലുമല സ്വദേശി എം.ആകാശ് (21), ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ.അഭിരാജ് (21) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Three students suspended after cannabis seized from Kalamassery Polytechnic hostel. Police raid, prompted by tip-off, found two kilos of cannabis. Minister orders investigation. Students claim innocence, Principal confirms anti-drug activities on campus.

#DrugRaid, #StudentSuspension, #Kalamassery, #KeralaPolice, #CollegeNews, #AntiDrugDrive

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia