Complaint | വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസ്
● കേസെടുത്തത് കോടതി നിര്‍ദേശപ്രകാരം
● തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് താരം
ചെന്നൈ: (KVARTHA) വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് തമിഴ് നാട് പൊലീസ്. മോഷണ കുറ്റം ആരോപിച്ചാണ് മര്‍ദനം എന്നാണ് പരാതി. 2022ല്‍ ആണ് മോഷണം സംബന്ധിച്ച് നടി ചെന്നൈ പൊലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ഒമ്പതു ലക്ഷം രൂപയും ഐഫോണും ലാപ് ടോപ്പും നഷ്ടമായെന്നായിരുന്നു പരാതി. വീട്ടില്‍ ജോലിക്കുനിന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് സുഭാഷും പരാതി നല്‍കിയത്.
നടിയും സഹായികളും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് സുഭാഷിന്റെ പരാതി. പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പാര്‍വതിക്കും മറ്റ് ഏഴുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച നടി, നഷ്ടമായ പണം വീണ്ടെടുക്കാനാണ് പരാതി നല്‍കിയതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മോഷണം നടന്നതിനുശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നടി പറയുന്നു.
#ParvathiNair, #AssaultCase, #HouseHelp, #TamilNaduPolice, #CourtCase, #CelebrityNews