ഡെല്‍ഹി കോടതിയിലെ വെടിവയ്പ്പ്; നടപടികളെ ബാധിക്കാതിരിക്കാന്‍ പൊലീസിനോടും ബാര്‍ അസോസിയേഷനോടും ചര്‍ച്ച നടത്തണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിച്ച് ജസ്റ്റിസ് എന്‍ വി രമണ
Sep 25, 2021, 08:43 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.09.2021) ഡെല്‍ഹിയിലെ രോഹിണി കോടതിയിലെ വെടിവയ്പ്പില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. വിഷയം കോടതി നടപടികളെ ബാധിക്കരുതെന്ന തരത്തില്‍ ഡെല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലുമായി അദ്ദേഹം സംസാരിച്ചു. കോടതിയുടെ നടപടികളെ ബാധിക്കാതിരിക്കാന്‍ പൊലീസിനോടും ബാര്‍ അസോസിയേഷനോടും ചര്‍ച്ച നടത്തണമെന്നും ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചു.
അതേസമയം, കോടതി മുറിക്കുള്ളിലെ വെടിവയ്പ്പിനെ കുറിച്ച് ഉത്തര മേഖല ജോയിന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. നേരത്തെയും പലതവണ രണ്ട് ഗുണ്ടാസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു സംഘങ്ങളും പെട്ട 25 പേര്‍ ആക്രമണങ്ങളില്‍ ഇതില്‍ മരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
രോഹിണി കോടതി മുറിക്കുള്ളില്‍ മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്ന് പേരാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കുപ്രസിദ്ധ കുറ്റവാളി ജിതേന്ദര്‍ ഗോഗിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആയിരുന്നു സംഭവം. ഗോഗിയെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയപ്പോള്‍ ആക്രമണം നടത്തിയവര്‍ക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവയ്പ്പില്‍ കലാശിച്ചത്. കസ്റ്റഡിയിലായിരുന്ന ജിതേന്ദര്‍ ഗോഗിയെ പൊലീസ് ഉച്ചയോടെ രോഹിണി കോടതിയില്‍ ഹാജരാക്കി. ഈ സമയം 207 ആം നമ്പര്‍ കോടതി മുറിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അഭിഭാഷക വേഷത്തില്‍ എത്തിയ അക്രമികള്‍ ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും വധിച്ചു. വെടിവയ്പ്പ് നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അതിനിടെ കുറ്റവാളി ഗോഗിയേയും മറ്റുള്ളവരെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് തവണ ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.