Arrest | ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുത്തേറ്റ് മരിച്ചു; അസമില്‍ വിദ്യാര്‍ഥി അറസ്റ്റില്‍
ഗുവാഹതി: (KVARTHA) അസമിലെ ശിവസാഗറില്‍ (Sivasagar) അധ്യാപകന്‍ ക്ലാസ് മുറിയില്‍ കുത്തേറ്റ് മരിച്ചു. രസതന്ത്രം (Chemistry) അധ്യാപകനായ ആന്ധ്രാപ്രദേശ് സ്വദേശി രാജേഷ് ബറുവ ബാബു(55)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവസാഗര്‍ ജില്ലയിലെ ലഖിമി നഗറിലുള്ള (Lakhimi Nagar) കോചിങ് അകാഡമിയില്‍ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
എഎസ്പി മൊയിദുല്‍ ഇസ് ലാം (ASP Moidul Islam) പറയുന്നത്: വിദ്യാര്‍ഥിയാണ് ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കത്തി ഉപയോഗിച്ച് കുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജേഷ് ബാബുവിനെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമാകുകയായിരുന്നു. വൈകാതെ അധ്യാപകന്റെ മരണം സ്ഥിരീകരിച്ചു.
മറ്റ് അധ്യാപകര്‍ പോയിക്കഴിഞ്ഞ് ഈ ദിവസത്തിന്റെ അവസാന പിരീഡിലാണ് കൃത്യം നടന്നത്. 16 കാരനെ പഠിനത്തില്‍ ശ്രദ്ധിക്കാത്തത്തിന് അധ്യാപകന്‍ ശകാരിച്ചിരുന്നെന്നാണ് വിവരം. പിന്നാലെയാണ് സംഭവം. വിദ്യാര്‍ഥിക്ക് എവിടെനിന്ന് കത്തി ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി എഎസ്പി കൂട്ടിച്ചേര്‍ത്തു.