Death Sentence | ഇന്ത്യയിൽ ഒരു പ്രതിയെ തൂക്കിലേറ്റുമ്പോൾ പാലിച്ചിരിക്കേണ്ട നിബന്ധനകളും മര്യാദകളും; വിശദമായി അറിയാം
● ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിലനില്‍ക്കുന്നുണ്ട്.
● 1857ലാണ് രാജ്യത്ത് വർത്തമാന കാലത്ത് ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയത്.
● സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത രണ്ട് പേരെയാണ് അന്ന് തൂക്കിലേറ്റിയത്.
മിൻ്റു തൊടുപുഴ
(KVARTHA) ആൺ സുഹൃത്തായ ഷാരോൺ രാജിനെ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സത്രീയായി മാറി ഗ്രീഷ്മ. കേരളത്തിൽ വധശിക്ഷ ലഭിച്ച മൂന്നാമത്തെ വനിത കൂടിയാണിവർ. 2022 ഒക്ടോബർ 14 ന് ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്.
എന്തായാലും ഇത് ലോകം കാത്തിരുന്ന വിധി തന്നെയാണ്. ഈ അവസരത്തിൽ വധശിക്ഷയും പ്രതിയെ തൂക്കിലേറ്റുന്നതുമൊക്കെ ചർച്ചയായിരിക്കുകയാണ്. ഇന്ത്യയിൽ ഒരു പ്രതിയെ തൂക്കിലേറ്റുമ്പോൾ പാലിച്ചിരിക്കേണ്ട നിബന്ധനകളും മര്യാദകളും എന്തെല്ലാം അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് തൂക്കിലേറ്റല്‍. 1857ലാണ് രാജ്യത്ത് വർത്തമാന കാലത്ത് ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത രണ്ട് പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഇതോടെയാണ് രാജ്യത്ത് വധശിക്ഷ ആരംഭിച്ചത്. രാഷ്ട്രപതി പ്രതിയുടെ ദയാഹര്‍ജി തള്ളിയാല്‍ തൂക്കിലേറ്റാനുള്ള പ്രക്രിയക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യ നടപടി.
പ്രതിയെ 'കണ്ടെംഡ് സെല്‍' എന്ന ഏകാന്തതടവിലേക്ക് മാറ്റും. പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണവും നല്‍കി സന്ദര്‍ശകരെയും അനുവദിക്കും. അന്ത്യാഭിലാഷങ്ങള്‍ എന്തെ ങ്കിലും ഉണ്ടെങ്കില്‍ അത് അനുവദിക്കും. വില്‍പത്രം എഴുതാനും അവസാനമായി പ്രാര്‍ത്ഥിക്കാനും സൗകര്യം നല്‍കും. ഒരു പ്രതിയെ തൂക്കിക്കൊല്ലുമ്പോള്‍ നാല് പേരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. ജയില്‍ സൂപ്രണ്ട്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഡോക്ടര്‍, ആരാച്ചാര്‍ എന്നിവരാണ് ഈ നാല് പേര്‍. ഇവരില്‍ ഒരാള്‍ ഇല്ലെങ്കില്‍പ്പോലും വധശിക്ഷ നടപ്പിലാക്കാന്‍ കഴിയില്ല.
ജയിലിനുള്ളിലെ മറ്റ് തടവുകാരെയോ, ദൈനംദിന പ്രവര്‍ത്തനങ്ങളെയോ ബാധിക്കാതെ വേണം വധശിക്ഷ നടപ്പിലാക്കാന്‍. അതുകൊണ്ട് തന്നെ പുലര്‍ച്ചെയാണ് രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി ജയില്‍ അടയ്ക്കും. മറ്റു തടവുകാരെ എല്ലാം ലോക്കപ്പില്‍ പൂട്ടിയിടും. ശിക്ഷ നടപ്പാക്കി മൃതദേഹം പുറത്തേക്ക് കൊണ്ടുപോകുന്നതുവരെ മറ്റു തടവുകാരെ സെല്ലുകളില്‍ നിന്ന് പുറത്തു വിടില്ല. തൂക്കിലേറ്റപ്പെട്ടവരുടെ ബന്ധുക്കളെയോ, മറ്റു തടവുകാരെയോ വധശിക്ഷ നടപ്പാക്കുന്നത് കാണാനും അനുവദിക്കില്ല.
കുറ്റവാളിയുടെ വില്‍പത്രമോ, മറ്റെന്തെങ്കിലുമോ ഒപ്പിട്ടു വാങ്ങാനുണ്ടോ എന്ന് ചോദിക്കും. തുടര്‍ന്ന് അവര്‍ തൂക്കുമരത്തിനടുത്തേക്ക് പോകും. തൂക്കിലേറ്റുന്ന വ്യക്തിയുടെ ഭാരമുള്ള ഡമ്മി തൂക്കി കയറിന്റെ ബലം അതിന് മുൻപ് ഉറപ്പുവരുത്തിയിട്ടുണ്ടാകും. അപ്പോഴും തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളികള്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിരീക്ഷണത്തില്‍ സെല്ലില്‍ത്തന്നെ തുടരും. അതിനു ശേഷം കുറ്റവാളിയുടെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് തുടര്‍ന്ന് തൂക്കുമരത്തിനടുത്തേക്ക് കൊണ്ടു വരും. ഡെപ്യൂട്ടി സൂപ്രണ്ട്, ഹെഡ് വാര്‍ഡര്‍, വാര്‍ഡര്‍മാര്‍ എന്നിവര്‍ അനുഗമിക്കും. തൂക്കുമരത്തിനടുത്തേക്ക് എത്തുന്നതിന് മുമ്പേ കുറ്റവാളികളെ മുഖംമൂടുന്ന തൊപ്പി ധരിപ്പിക്കും. തൂക്കുമരം കാണാന്‍ കുറ്റവാളിയെ അനുവദിക്കില്ല.
തൂക്കുമരത്തിന്റെ തൊട്ടുതാഴക്ക് കുറ്റവാളികളെ നടത്തിക്കൊണ്ടുപോകും. കുറ്റവാളികളുടെ ഇരുകാലുകളും ആരാച്ചാര്‍ പരസ്പരം ബന്ധിപ്പിക്കും. തൂക്കുകയര്‍ കഴുത്തില്‍ മുറുക്കും. ശരിയായ രീതിയിലാണ് തൂക്കുകയര്‍ കഴുത്തിലിട്ടിരിക്കുന്നതെന്ന് സൂപ്രണ്ട് ഉറപ്പുവരുത്തും. സൂപ്രണ്ടിന്റെ സൂചന ലഭിക്കുന്നതോടെ ആരാച്ചാര്‍ ലിവര്‍ വലിക്കുകയും ട്രാപ് ഡോര്‍ തുറന്ന് കുറ്റവാളികള്‍ താഴേക്ക് തൂങ്ങുകയും ചെയ്യും. അരമണിക്കൂറോളം മൃതദേഹം കയറില്‍ തൂങ്ങിനിൽക്കും. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹങ്ങള്‍ കയറില്‍നിന്ന് അഴിച്ചുമാറ്റും.
തൂക്കിലേറ്റി അരമണിക്കൂറിന് ശേഷം മൃതദേഹങ്ങള്‍ കഴുമരത്തില്‍ നിന്ന് താഴെയിറക്കും. ചട്ടപ്രകാരം ഡോക്ടര്‍ പരിശോധിച്ച് മരിച്ചെന്ന് ഉറപ്പുവരുത്തും. മരണവാറന്റയച്ച കോടതിയെ ശിക്ഷ നടപ്പാക്കിയതായി ജയില്‍ അധികൃതര്‍ അറിയിക്കും. വധശിക്ഷയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ മൃതദേഹം രാവിലെ തന്നെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്യും. ചിലപ്പോൾ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ജയിലിന് പുറത്തേക്ക് കൊണ്ടുപോകേണ്ടി വരും. തൂക്കുകയര്‍ മുറുക്കി വധശിക്ഷ നടപ്പാക്കിയ ശേഷം തൂക്കിലേറ്റപ്പെട്ടയാളോട് ആരാച്ചാര്‍ ക്ഷമ ചോദിക്കുന്ന ഒരു ചടങ്ങും ഉണ്ട്.
തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ മതം അനുസരിച്ച് മാപ്പ് ചോദിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പ്രതി ഹിന്ദുവാണെങ്കില്‍ റാം റാം എന്നായിരിക്കും ചെവിയില്‍ പറയുക. മുസ്ലീം ആണെങ്കില്‍ സലാം എന്നും ക്രിസ്ത്യന്‍ ആണെങ്കില്‍ പ്രെയ് സ് ദി ലോര്‍ഡ് എന്നും പറയും. ഒരു വ്യക്തിയെ തൂക്കിലേറ്റാനുള്ള കയര്‍ നിര്‍മ്മിക്കുന്നതും വധശിക്ഷയ്ക്ക് ശേഷം ഇതേ കയര്‍ കൊണ്ടു പോകുന്നതും ആരാച്ചാര്‍ തന്നെയാണ്. തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ മുഖം കറുത്ത തുണി കൊണ്ട് മൂടിയിരിക്കും.
1642ല്‍ ചാള്‍സ് രാജാവിന്റെ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. ഇപ്പോൾ ഇന്ത്യയിലെ മിക്ക ജയിലിലും സ്ഥിരം ആരാച്ചാര്‍ ഇല്ല. വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് പ്രതിഫലം. ദയാഹര്‍ജി തള്ളുന്നതുവരെ മറ്റു തടവുകാരെ പോലെ തന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേയും പരിഗണിക്കുന്നത്. ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം താമസിപ്പിക്കും. ജോലികള്‍ ചെയ്യണം. എന്നാല്‍ പരോള്‍ ലഭിക്കില്ല. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ പിന്നീട് ഏകാന്ത തടവാണ്. ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കും. പൂര്‍ണ ആരോഗ്യം ഉറപ്പാക്കിയെ വധശിക്ഷ നടപ്പാക്കൂ എന്നത് ക്രൂരമായ തമാശ.
കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇന്ത്യ യില്‍ കോടതികള്‍ പ്രതിക്ക് വധശിക്ഷ വിധിക്കുക. അത്യപൂര്‍വ കുറ്റങ്ങളില്‍ അല്ലാതെ വധശിക്ഷ പാടില്ലെന്ന് ഇന്ത്യയിലെ പരമോന്നത കോടതി പലതവണ കീഴ്ക്കോടതികളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ അവസാന വധശിക്ഷ നടപ്പിലാക്കിയത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1991 ജൂലൈ 6ന് ആയിരുന്നു അവസാന വധശിക്ഷ നടപ്പിലാക്കിയത്. റിപ്പര്‍ ചന്ദ്രനെ ആയിരുന്നു അന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നിലവില്‍ കേരളത്തിലെ വിവിധ ജയിലുകളിലായി 21 പേരാണ് വധശിക്ഷ കാത്ത് കിടക്കുന്നത്.
പൂജപ്പുരയിൽ-ഒൻപത്, വിയ്യൂരിൽ-അഞ്ച്, കണ്ണൂരിൽ-നാല്, വിയ്യൂർ അതിസുരക്ഷാ ജയിലിൽ-മൂന്ന് പേർ വീതം എന്നിങ്ങനെയാണ് വധശിക്ഷ കാത്തു കിടക്കുന്നവരുടെ കണക്കുകൾ. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ എഎസ്ഐ ജിതകുമാറും ഇക്കൂട്ടത്തിൽ ഉണ്ട്. പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആലംകോട് മുത്തശ്ശിയെയും ചെറുമകളെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിനോ മാത്യു, ഒരുമനയൂര്‍ കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാര്‍, കോളിയൂരില്‍ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതി അനില്‍ കുമാര്‍ എന്നിവരും തൂക്കുകയർ കാത്തുകിടക്കുകയാണ്.
മവേലിക്കരയില്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷെരീഫ്, മകളുടെ 9 വയസുകാരിയായ കൂട്ടുകാരിയെ കൊലപ്പെടുത്തിയ നാസര്‍, സ്ത്രീയെ പീഡിപ്പിച്ചു കൊന്ന അബ്ദുല്‍ നാസര്‍, കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ്‌കുമാര്‍, അമ്മയുടെ കണ്‍മുന്നില്‍ 2 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തോമസ് ചാക്കോ, പീരുമേട്ടില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും പീഡിപ്പിച്ച ചെയ്ത ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊല പ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്‍ തുടങ്ങി മറ്റുള്ളവരും വധശിക്ഷ കാത്തു കിടക്കുന്നവരാണ്. മിക്കവരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ല.
രാഷ്ട്രപതി ദയാഹർജി തള്ളിയാലാണ് കുറ്റവാളികളെ തൂക്കിലേറ്റാനുള്ള സാഹചര്യം ഒരുങ്ങുന്നത്. കേരളത്തിൽ തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരിൽ രണ്ടും പൂജപ്പുരയിൽ ഒരു കഴുമരവുമാണുള്ളത്. എന്നാൽ ഒരിടത്തും സ്ഥിരം ആരാച്ചാർമാരില്ല. വധശിക്ഷ നടപ്പാക്കേണ്ടി വന്നാൽ രണ്ടു ലക്ഷം രൂപ പ്രതിഫലം നൽകി ആരാച്ചാരെ നിയമിക്കേണ്ടി വരും. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അവസാനമായി തൂക്കിലേറ്റ് നടന്നത് 1979ലാണ്. അന്ന് കളിയിക്കാവിള സ്വദേശിയായ അഴകേശനെയാണ് തൂക്കിക്കൊന്നത്. റിപ്പർ ചന്ദ്രനെ തൂക്കിക്കൊന്ന ആരാച്ചാർ തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയായിരുന്നു.
പൂജപ്പുര സെൻട്രൽ ജയിലിലെ തൂക്കുമരത്തിന്റെ പ്രധാനഭാഗമായ ലിവർ തുരുമ്പുപിടിച്ച് ഇളകിപ്പോയിരുന്നു. ഇത് അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയിട്ടുണ്ട്. മുഖംമൂടി കഴുത്തിൽ കയർക്കുരുക്കിട്ട ശേഷം ആളെ കയറ്റിനിറുത്തുന്ന ഭാഗത്തിൻ്റെ അടിയിലായിട്ടാണ് ഈ ലിവർ സ്ഥാപിച്ചിരിക്കുന്നത്. ആളെ കയറ്റി നിർത്തിയശേഷം ഈ ലിവർ വലിക്കുമ്പോൾ പ്രതി നിൽക്കുന്ന ഭാഗം വശത്തേക്ക് മാറുകയും പ്രതി കയറിൽ തൂങ്ങി നിൽക്കുകയും ചെയ്യുന്നതാണ് തൂക്കിക്കൊലയുടെ രീതി.
വധശിക്ഷ നടപ്പാക്കുന്നതിൽ ലോകത്ത് ഏഴാം സ്ഥാനത്താണ് ഇന്ത്യ. 2012 വരെ 447 പേരെ യാണ് രാജ്യത്ത് വധശിക്ഷയ്ക്കു വിധിച്ചിട്ടുള്ളത്. 2015 ൽ ആറുപേരെ തൂക്കിക്കൊന്നിരുന്നു. ഏറ്റവും ഒടുവിൽ 2015ൽ യാക്കൂബ് മേമനെയാണ് രാജ്യത്ത് തൂക്കി കൊന്നത്. നമ്മുടെ ഇന്ത്യയിൽ ഒരു വധശിക്ഷ നടപ്പാക്കാൻ കാലതാമസം എടുക്കും എന്നതാണ് സത്യം. ശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിയ്ക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്. അതിൻ്റെയും കൂടെ അടിസ്ഥാനത്തിൽ ആയിരിക്കും വധശിക്ഷ നടപ്പാക്കുക.
ഈ ദയനീയമായ വിഷയത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ട് സുഹൃത്തുക്കളുമായി ഈ വാർത്ത പങ്കുവെക്കുക.
In India, certain procedures and conditions must be followed when executing a death sentence, from the black warrant to the final hanging.
#DeathPenalty #Hanging #LegalProcedure #IndiaNews #Execution #Justice