Theft | 'കണ്ണൂരിൽ ദേശീയപാത നിർമാണത്തിനായി എത്തിച്ച ക്രെയിൻ മോഷണം പോയി'
● കുപ്പം സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ക്രെയിനാണ് മോഷണം പോയത്
● 25 ലക്ഷം രൂപ വിലമതിക്കുന്ന എ.സി.ഇ കമ്പനിയുടെ ക്രെയിനാണ് നഷ്ടപ്പെട്ടത്
● സിസിടിവി ദൃശ്യങ്ങളിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്
● ധർമ്മശാല വരെ ക്രെയിൻ കൊണ്ടുപോയതായി കണ്ടെത്തി
കണ്ണൂർ: (KVARTHA) കുപ്പത്ത് ദേശീയപാത നിർമാണത്തിനായി എത്തിച്ച മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ 25 ലക്ഷം രൂപ വിലമതിക്കുന്ന ക്രെയിൻ മോഷണം പോയതായി പരാതി. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എ.സി.ഇ കമ്പനിയുടെ 2022 മോഡൽ കെഎൽ-86 എ 9695 നമ്പർ പ്ലേറ്റുള്ള ക്രെയിനാണ് മോഷണം പോയത്. രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സൈറ്റ് എഞ്ചിനീയർ ചെങ്ങന്നൂർ സ്വദേശി സൂരജ് സുരേഷിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 18-ാം തീയതി രാത്രി 11 മണി വരെ ജോലിക്ക് ഉപയോഗിച്ച ക്രെയിൻ, കുപ്പം എം.എം.യു.പി സ്കൂൾ മതിലിനോട് ചേർന്ന് പാർക്ക് ചെയ്ത ശേഷം ഓപ്പറേറ്റർ ഉറങ്ങാൻ പോയിരുന്നു. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ അടുത്ത ഷിഫ്റ്റിലെ ഓപ്പറേറ്റർ എത്തിയപ്പോഴാണ് ക്രെയിൻ മോഷണം പോയതായി അറിയുന്നത്.
ഉടൻതന്നെ കമ്പനി അധികൃതരെ വിവരമറിയിക്കുകയും പരിസരത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. ഒരു കിലോമീറ്ററോളം ദൂരം തിരച്ചിൽ നടത്തിയെങ്കിലും ക്രെയിൻ കണ്ടെത്താനായില്ല. തുടർന്ന് നീലേശ്വരം വരെ അന്വേഷണം വ്യാപിപ്പിച്ചു. പിന്നീട് കുപ്പത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലർച്ചെ 1.08 ന് രണ്ടംഗ സംഘം ക്രെയിൻ തളിപ്പറമ്പ് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായി കണ്ടെത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്രെയിൻ ധർമ്മശാല വരെ പോയതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങൾ തമിഴ്നാട്ടിലേക്കോ മറ്റോ കടത്തി പൊളിച്ചുവിൽക്കുന്ന സംഘമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
#CraneTheft #Kannur #Kerala #CrimeNews #NationalHighway #Construction