Legal | ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍ തൂഗുദീപയുടെയും പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ തള്ളി
● 2 പേര്‍ക്ക് ഇളവ് അനുവദിച്ചിരുന്നു.
● ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും.
● ദര്‍ശന്‍ നിലവില്‍ ബെള്ളാരി ജയിലിലാണുള്ളത്.
● കേസിലെ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ.
ബെംഗളൂരു: (KVARTHA) ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെയും (Darshan Thoogudeepa) കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയുടെയും (Pavithra Gowda) ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതി തള്ളി. ദര്‍ശനും പവിത്രയും ഉള്‍പ്പെടെ ആകെ ആറ് പ്രതികളാണ് കോടതിയെ സമീപിച്ചത്, അതില്‍ രണ്ട് പേര്‍ക്ക് ഇളവ് അനുവദിച്ചു.
ബെംഗളൂരുവിലെ സെഷന്‍സ് കോടതി ദര്‍ശന്‍ തൂഗുദീപയുടെയും പവിത്ര ഗൗഡയുടെയും മറ്റ് പ്രതികളായ നാഗരാജിന്റെയും ലക്ഷ്മണിന്റെയും ജാമ്യം നിഷേധിച്ചു. അതേസമയം, ഇതേ കേസില്‍ പ്രതികളായ രവിശങ്കറിനും ദീപക്കും ജാമ്യം ലഭിച്ചു. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ. രണ്ടാം പ്രതി ദര്‍ശന്‍ നിലവില്‍ ബെള്ളാരി ജയിലിലാണുള്ളത്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് തന്റെ സാന്നിധ്യമോ പങ്കാളിത്തമോ തെളിയിക്കാനുള്ളതൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ദര്‍ശന്‍ വാദിച്ചു. എന്നാല്‍ നടന്റെ ചെരുപ്പില്‍നിന്ന് രേണുകസ്വാമിയുടെ രക്തക്കറ കണ്ടെത്തിയതു പോലുള്ള സാങ്കേതിക തെളിവുകളും ദൃക്‌സാക്ഷി മൊഴികളുമുണ്ടെന്ന് പൊലീസ് വാദിച്ചതോടെ കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് ഉടന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാരോപിച്ച് ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊലപ്പെടുത്തി ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലില്‍ തള്ളിയെന്നാണ് കേസ്. രേണുകസ്വാമിയുടെ മൃതദേഹം പിന്നീട് 2024 ജൂണ്‍ 9 ന് ബെംഗളൂരുവില്‍ പോലീസ് കണ്ടെത്തി.
മരണപ്പെട്ടയാളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചെവി നഷ്ടപ്പെട്ടതായും വൃഷണങ്ങള്‍ പൊട്ടിയതായും ശരീരത്തില്‍ ഒന്നിലധികം ചതവുകളും ഉണ്ടെന്ന് കണ്ടെത്തി. ആഘാതത്തിലേക്കും രക്തസ്രാവത്തിലേക്കും നയിച്ച ഒന്നിലധികം ആക്രമണങ്ങളുടെ ഫലമായാണ് ഇര മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം പുരോഗമിക്കവേ, 2024 ജൂണ്‍ 11 നാണ് ദര്‍ശയെയും പവിത്രയെയും മറ്റ് 15 പേരെയും പോലീസ് അറസ്റ്റ് ചെയ്തത്.
#DarshanThoogudeepa #PavithraGowda #KannadaCinema #MurderCase #BailRejected #Karnataka #IndianCinema