Murder Case | 'ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത് നല്‍കിയ വിഷം 15 മി.ലി ഉള്ളില്‍ ചെന്നാല്‍ മരണം സുനിശ്ചിതം'; നിര്‍ണായക മൊഴി നല്‍കി ഡോക്ടര്‍
● മറുമരുന്നില്ലാത്ത വിഷമാണിതെന്നും ഡോക്ടര്‍
● വിഷത്തിന്റെ പ്രവര്‍ത്തനരീതി മനസ്സിലാക്കിയിട്ടാണ് ഷാരോണിനെ ജ്യൂസ് കുടിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍
● കയ്പ്പുകാരണം ഷാരോണ്‍ തുപ്പി കളഞ്ഞു
● കേസ് പരിഗണിക്കുന്നത് ജഡ്ജ് എംഎം ബഷീര്‍
തിരുവനന്തപുരം: (KVARTHA) ഷാരോണ്‍ രാജ് കൊലപാതക കേസില്‍ നിര്‍ണായക മൊഴി നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍. കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്താനായി ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത് നല്‍കിയ വിഷം 15 മി.ലി ഉള്ളില്‍ ചെന്നാല്‍ മരണം സുനിശ്ചിതമാണെന്നാണ് ഡോക്ടറുടെ മൊഴി. മറുമരുന്നില്ലാത്ത വിഷമാണിതെന്നും നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഡോക്ടര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ഷാരോണിന് വിഷം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ ഏഴരയോടെയും വിഷത്തിന്റെ പ്രവര്‍ത്തനരീതിയെ സംബന്ധിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തിയിരുന്നതായി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ കോടതി രേഖപ്പെടുത്തി.
വിഷത്തിന്റെ പ്രവര്‍ത്തനരീതി മനസ്സിലാക്കിയിട്ടാണ് അന്ന് രാവിലെ പത്തരയോടെ ഷാരോണിനെ കുടിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. 2022 ഓഗസ്റ്റില്‍ അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കയ്പ്പുകാരണം ഷാരോണ്‍ തുപ്പി കളഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജൂസില്‍ ഗുളിക കലര്‍ത്തിയതിന്റെ അന്നു രാവിലെയും അമിത അളവില്‍ മനുഷ്യ ശരീരത്തില്‍ കടന്നാലുള്ള ആഘാതങ്ങളെക്കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതിയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തിരുന്നു.
ഈ തെളിവുകള്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പിച്ചു. ജഡ്ജ് എംഎം ബഷീറാണ് കേസ് പരിഗണിക്കുന്നത്. കഷായത്തില്‍ വിഷം ചേര്‍ത്ത് ഷാരോണ്‍ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് ഷാരോണ്‍ പിന്‍മാറാത്തതിനെ തുടര്‍ന്നാണ് ഗ്രീഷ്മ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രം.
#SharonRajMurder, #KeralaCrime, #Geeshma