Mystery | 'കുറ്റവാളികളെപ്പോലെയുള്ള ക്രൈംബ്രാഞ്ചിന്റെ പെരുമാറ്റം മനോവിഷമത്തിലാക്കുന്നു'; മാമിയുടെ ഡ്രൈവറേയും ഭാര്യയേയും വിട്ടയച്ചു
● വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും.
● 20 വര്‍ഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്.
● 2023 ഓഗസ്റ്റ് 22നാണ് മാമിയെ കാണാതായത്.
കോഴിക്കോട്: (KVARTHA) ദുരൂഹ സാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും പൊലീസ് വിട്ടയച്ചു. ക്രൈംബ്രാഞ്ചിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവര്‍ രജിത് കുമാറും ഭാര്യ സുഷാരയും മൊഴി നല്‍കി.
കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയതെന്നും മാമിയുടെ തിരോധാനത്തില്‍ പങ്കില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. ഗുരുവായൂരില്‍ നിന്നും കോഴിക്കോടേക്ക് എത്തിച്ച ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചു. അതേസമയം, വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും.
ഇരുവരെയും കാണാനില്ലെന്ന് കാട്ടി വ്യാഴാഴ്ചയാണ് ബന്ധുക്കള്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കെഎസ് ആര്‍ടിസി സ്റ്റാന്റില്‍ നിന്നും ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഓട്ടോറിക്ഷയില്‍ കയറി നേരെ പോയത് റയില്‍വെ സ്റ്റേഷനിലേക്കായിരുന്നു. അവിടെനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ഗുരുവായൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. 20 വര്‍ഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്.
2023 ഓഗസ്റ്റ് 22നാണ് മാമിയെ കാണാതായത്. മാമിയെ കാണാതാകുന്നതിന് മുമ്പ് 2023 ഓഗസ്റ്റ് 21ന് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്തായിരുന്നു. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഓഗസ്റ്റ് 21ന് ഇറങ്ങിയ മുഹമ്മദിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.
ലോക്കല്‍ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോണ്‍ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിറകെയാണ് ഇരുവരെയും കാണാതായത്.
കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വന്‍കിട വ്യാപാരവ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. 180 പേരുടെ മൊഴി രേഖപ്പെടുത്തി. മുഹമ്മദിന്റെ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല.
#missingperson #kerala #investigation #crime #police #mystery