Fraud | കണ്ണൂർ സ്വദേശിനിയുടെ 1.65 കോടി രൂപ തട്ടിയെടുത്ത കേസിൽ 4 യുവാക്കൾ റിമാൻഡിൽ
● കൊല്ലം, തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്
● ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചു തവണയായി പണം തട്ടിയെടുത്തു
കണ്ണൂർ: (KVARTHA) സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന 72 കാരിയെ തെറ്റിദ്ധരിപ്പിച്ച് ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ നാല് പ്രതികളെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു. കൊല്ലം സ്വദേശി മുഹമ്മദ് നബീൽ (23), തിരുവനന്തപുരം സ്വദേശികളായ അജ്മൽ (24), അഖിൽ (22), ആഷിക് (23) എന്നിവരാണ് പിടിയിലായത്.
കണ്ണൂർ താവക്കര സ്വദേശിനിയായ 72 കാരിയുടെ പണം നഷ്ടമായത് ഒരാഴ്ച മുമ്പാണ്. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്. പൊലീസിന്റെ എംബ്ലം ഉപയോഗിച്ച് വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ച് കേസ് ഒത്തുതീർപ്പാക്കാനായി കുറച്ചധികം പണം നൽകേണ്ടിവരുമെന്ന് അറിയിച്ചു.
തുടർന്ന് സിബിഐയുടെ ബാങ്ക് അക്കൗണ്ട് ആണെന്ന് പറഞ്ഞ് കൊല്ലം സ്വദേശിയുടെ ഉൾപ്പെടെ മൂന്ന് അക്കൗണ്ട് നമ്പറുകൾ നൽകി. സെപ്റ്റംബർ 11 മുതൽ 17 വരെ അഞ്ചു തവണയായി ഒന്നരക്കോടിയിലധികം രൂപ ഈ അക്കൗണ്ടുകളിലേക്ക് അയച്ചു. പിന്നീട് സംഘത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി.
മയ്യനാട് കുട്ടിക്കട സ്വദേശിയുടെ അക്കൗണ്ടിലേക്ക് 4.75 ലക്ഷം രൂപ വന്നതാണ് അന്വേഷണം കൊല്ലത്തേക്ക് എത്തിച്ചത്. തൃക്കോവിൽ വട്ടം തട്ടാർകോണത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രതികളെ കണ്ണൂർ സിറ്റി പൊലീസ് ബുധനാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇവർ മൊത്തകച്ചവടക്കാരെന്ന വ്യാജേനയാണ് തട്ടാർകോണത്ത് താമസിച്ചിരുന്നത്.
#KeralaScam #CBI #Fraud #ElderlyAbuse #Arrest