Arrested | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബീഡിക്കെട്ടുകള്‍ വലിച്ചെറിഞ്ഞ കേസിൽ മുന്‍തടവുകാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: (KVARTHA) ദേശീയ പാതയില്‍ പളളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുളളിലേക്ക് ബീഡിക്കെട്ടുകള്‍ വലിച്ചെറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചെന്ന കേസിൽ മുന്‍തടവുകാരനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. അരവിന്ദ് ആര്‍ കൃഷ്ണനാ(27)ണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്നും ജയിലിനുളളിലെ മതില്‍ കെട്ടിനുളളിലേക്ക് എറിഞ്ഞു കൊടുക്കാനായി കരുതിയതെന്ന് സംശയിക്കുന്ന മൂന്ന് കെട്ട് ബീഡികളും 19 ചെറിയ ബീഡിപാക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയോടെ അസുഖം ബാധിച്ച മൂന്ന് പ്രതികളെ അസി. പ്രിസണ്‍ ഓഫീസര്‍മാര്‍ ജില്ലാ ജയിലില്‍ നിന്നും സെന്‍ട്രല്‍ ജയില്‍ ആശുപത്രിയില്‍ കൊണ്ടു പോകാനിരിക്കെയായിരുന്നു സംഭവം.
വാഹനഷെഡിന് സമീപത്തായി നിന്ന പ്രതിജയിലിനുളളിലേക്ക് ബീഡിക്കെട്ട് എറിഞ്ഞു കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ബീഡിക്കെട്ടു എറിയുന്നത് കണ്ട ജയില്‍ ജീവനക്കാര്‍ പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നുവെത്രെ. കണ്ണൂര്‍ ടൗണ്‍ സി ഐ ശ്രീജിത്ത് കോടേരി, എസ് ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജയില്‍ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.