Violence | എക്‌സൈസ് ഓഫീസില്‍ അതിക്രമിച്ച് കയറി ആക്രമിച്ചതായി പരാതി; 2 പേര്‍ അറസ്റ്റില്‍


● ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്.
● മാള പോലീസില്‍ പരാതിയും മൊഴിയും നല്‍കി.
തൃശ്ശൂര്‍: (KVARTHA) മാളയില്‍ എക്‌സൈസ് ഓഫീസില്‍ അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ടതായി പരാതി. ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രവീണ്‍ (Praveen), അക്ഷയ് (Akshay) എന്നിവരെ മാള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.
മദ്യപിച്ചെത്തിയ പ്രതികള്‍ ഇന്‍സ്‌പെക്ടറുടെ മുറിയിലേക്ക് അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. ഈ സമയത്ത് ഓഫീസില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.എസ്. സന്തോഷ് കുമാര്‍ മാത്രമായിരുന്നു. അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കി, വാതിലിലും ബോര്‍ഡിലും അടിച്ച ഇരുവരെയും തടയാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് മര്‍ദനമേറ്റതെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.
തുടര്‍ന്ന് ഇരുവരെയും തള്ളിപ്പുറത്താക്കിയപ്പോള്‍ റോഡില്‍നിന്ന് അസഭ്യം പറയുന്നതുകണ്ടാണ് എക്‌സൈസ് സംഘം എത്തുന്നത്. ഇരുവരെയും പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ വീണ്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.
മര്‍ദനമേറ്റ മൂന്ന് ഉദ്യോഗസ്ഥരും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാള പോലീസില്‍ പരാതിയും മൊഴിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
#ThrissurAttack #ExciseOffice #KeralaCrime #Violence #Arrest