Investigation | 'മന്ത്രവാദിനി ശമീന നേരത്തെയും ഗഫൂർ ഹാജിയെ പറ്റിച്ചു; കൈക്കലാക്കിയത് വജ്ര നെക്ലേസ്'; പുറത്തുവരുന്നത് അമ്പരിപ്പിക്കുന്ന വിവരങ്ങൾ
● 'ഹണി ട്രാപ് കേസിൽ 2013ൽ അറസ്റ്റിലായിരുന്നു'.
● 'ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് സ്വർണം തട്ടിയെടുത്തു'.
● 'സ്വർണം ജ്വല്ലറികളിൽ വിൽപന നടത്തി'.
കാസർകോട്: (KVARTHA) പ്രവാസി വ്യവസായി കാസർകോട് പൂച്ചക്കാട്ടെ എം സി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ആഴങ്ങളിലേക്ക് പോകുന്തോറും സങ്കീർണവും രഹസ്യങ്ങൾ നിറഞ്ഞതുമായ ഗൂഢാലോചനകൾ പുറത്തുവരികയാണെന്ന് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന കെ എച്ച് ശമീനയുടെ പശ്ചാത്തലം കൂടുതൽ വെളിച്ചത്തിലാവുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
കേസിലെ പ്രധാന പ്രതിയായ ശമീന, മന്ത്രവാദം നടത്തി ഗഫൂർ ഹാജിയെ നേരത്തെയും പറ്റിച്ചിരുന്നുവെന്നാണ് പുതിയ വിവരം. ചൈനയിൽ എംബിബിഎസ് പഠിക്കുന്ന ഗഫൂർ ഹാജിയുടെ ബന്ധുവിന് പരീക്ഷാ പാസാകാൻ മന്ത്രവാദം നടത്തിയാൽ മതിയെന്ന് ശമീന പറയുകയും ഇത് വിശ്വസിച്ച ഗഫൂർ ഹാജി, ശമീനയുടെ നിർദേശപ്രകാരം മന്ത്രവാദ ചടങ്ങുകൾ നടത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രതിഫലമായി, ശമീന ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്ലേസ് കൈപറ്റിയിരുന്നുവെന്നാണ് അവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഹണി ട്രാപ് കേസിലും പ്രതി
ശമീന, നേരത്തെ ഹണി ട്രാപ് കേസിലും പ്രതിയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. 2013ൽ ഒരു പ്രവാസിയെ ഹണി ട്രാപിൽ കുരുക്കിയ കേസിൽ ശമീനയും ഭർത്താവും അറസ്റ്റിലായിരുന്നു. 2013 ഏപ്രില്‍ 24ന് ഉച്ചയ്ക്ക് പ്രവാസിയെ ചൗക്കി സിപിസിആര്‍ഐയ്ക്ക് അടുത്ത ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി ഏഴംഗസംഘം നഗ്‌നചിത്രമെടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്.
നഗ്‌നചിത്രം കാട്ടി പ്രവാസിയുടെ കൈവശമുണ്ടായിരുന്ന 17,000 രൂപയും 3,000 രൂപയുടെ വാച്ചും അരലക്ഷം രൂപയുടെ മൊബൈല്‍ ഫോണും അന്ന് തട്ടിയെടുത്തിരുന്നുവെന്നാണ് പരാതി. വീണ്ടും 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും തുക തന്റെ കൈവശം ഇല്ലെന്ന് അറിയിച്ചപ്പോള്‍ ഏഴ് ലക്ഷം രൂപ നല്‍കാന്‍ ധാരണയായി. ഇക്കാര്യം പ്രവാസി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
വ്യവസായിയുടെ വീട്ടിലെ മോഷണക്കേസ്
2011ൽ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വ്യവസായിയുടെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കാണാതായ കേസിലും ആരോപണ വിധേയയായിരുന്നു ശമീന. വളരെ നാടകീയതയും ദുരൂഹതയും നിറഞ്ഞ ഈ കേസില്‍ അന്ന് പിടിയിലായ ശമീന പിന്നീട് പുറത്തിറങ്ങിയിരുന്നു. 2011 ജൂലൈ 10ന് വ്യവസായിയും കുടുംബവും ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ വീട്ടില്‍ നിന്നും വജ്രാഭരണം ഉള്‍പെടെയുള്ള മുതലുകള്‍ തട്ടിയെടുത്തുവെന്നായിരുന്നു അന്ന് പരാതി.
സ്വർണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം
മന്ത്രവാദിനിയെന്ന് ചമഞ്ഞാണ് ഗഫൂർ ഹാജിയുടെ വിശ്വാസ്യത നേടിയിരുന്നത്. സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പലതവണയായി ഗഫൂർ ഹാജിയിൽനിന്ന് ശമീന സ്വർണം വാങ്ങിയതായും ഇവ കുടത്തിലിട്ട് അടച്ചുവച്ചുവെന്ന് പറഞ്ഞ് ബോധിപ്പിച്ചതായും അന്വേഷണ സംഘം പറയുന്നു. ഗഫൂർ ഹാജി മരണപ്പെട്ട ദിവസവും അദ്ദേഹം സ്വർണം നൽകിയെന്നാണ് പ്രതികൾ മൊഴി നൽകിയത്.
'മന്ത്രവാദത്തിനിടെ 'പാത്തൂട്ടി' എന്ന പെൺകുട്ടിയായി മാറി പാത്തൂട്ടിയുടെ ശരീര ഭാഷയിലാണ് ശമീന സംസാരിക്കുക. സ്വർണം കുടത്തിലിട്ട് അടച്ചുവച്ചുവെന്നും ആറുമാസത്തിനുള്ളിൽ കുടം തുറന്നാൽ അതിനകത്തെ സ്വർണം മണ്ണാകുമെന്നും വിശ്വസിപ്പിച്ചു', പൊലീസ് വ്യക്തമാക്കി. 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് ഗഫൂർ ഹാജിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് ബന്ധുക്കളുടെ 596 പവൻ സ്വർണം നഷ്ടമായത് കണ്ടെത്തിയതായാണ് ആദ്യം സ്വാഭാവിക മരണമാണെന്ന് കരുതിയിരുന്ന ഗഫൂർ ഹാജിയുടെ മരണം മറ്റൊരു തലത്തിലേക്ക് എത്തിയത്.
പൊലീസ് പിടികൂടിയ പ്രതികളുടെ വാട്സ് ആപ് ചാറ്റുകളിൽ നിന്ന് ശബ്ദസന്ദേശങ്ങൾ പൊലീസ് റിക്കവർ ചെയ്തതും അന്വേഷണത്തിൽ നിർണായകമായി. സ്വർണം ഇരട്ടിപ്പിക്കാം എന്ന വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് ശമീന സ്വർണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു കുടുംബം വീട്ടിൽ കൂടോത്രം നടത്തി സ്വർണം ഇരട്ടിപ്പിക്കാൻ ശ്രമിച്ച സംഭവവും പുറത്തുവന്നിട്ടുണ്ട്. മന്ത്രവാദം നടത്തി സ്വർണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയ മൂന്നോളം കേസുകൾ ഇവർക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു.
സമഗ്ര അന്വേഷണം
ഗഫൂർ ഹാജിയുടെ മകൻ അഹ്‌മദ് മുസമ്മിൽ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മരണത്തിൽ സംശയം ഉണ്ടെന്നായിരുന്നു പരാതി. തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർടം നടത്തി. ആദ്യം ബേക്കൽ പൊലീസ് അന്വേഷിച്ച കേസ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉത്തംദാസ് അന്വേഷിക്കുകയും വിദഗ്‌ധ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശില്പ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാൻ ഉത്തരവിറക്കി.
2024 മെയ് 10ന് കാസർകോട് ജില്ലാ ഡി സി ആർ ബി ഡിവൈഎസ്പി കെ ജെ ജോൺസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. 'ഗഫൂർ ഹാജിയിൽ നിന്ന് ഇരട്ടിപ്പിച്ച് നൽകാം എന്ന് വിശ്വസിപ്പിച്ച വാങ്ങിയ സ്വർണാഭരണങ്ങൾ തിരിച്ച് ചോദിച്ചതിലുള്ള വിരോധം വെച്ച്, പ്രതികൾ 2023 ഏപ്രിൽ 13ന് ഗഫൂർ ഹാജിയുടെ വീട്ടിൽ വെച്ച് ജിന്നിനെ ഒഴിവാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മന്ത്രവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് മന്ത്രവാദത്തിന്റെ മറവിൽ പ്രതികൾ ചേർന്ന് ഗഫൂർ ഹാജിയെ കൊലപ്പെടുത്തുകയും, സ്വർണാഭരണങ്ങളും പണവും മറ്റും കവർച്ച ചെയ്യുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു', പൊലീസ് പറയുന്നു.
ഒന്നാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിൽ ജനിച്ചുവളർന്ന ഇപ്പോൾ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ടി എം ഉബൈസ് എന്ന ഉവൈസ് (32), രണ്ടാം പ്രതി ഇയാളുടെ ഭാര്യ മന്ത്രവാദിനി എന്നറിയപ്പെടുന്ന കെ എച്ച് ശമീന (38), മൂന്നാം പ്രതി ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എം അസ്‌നീഫ (36), നാലാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഇശ (43) എന്നിവരാണ് അറസ്റ്റിലായത്.
ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾക്കെതിരെ കൊലപാതത്തിനും നാലാം പ്രതിക്കെതിരെ തെളിവ് നശിപ്പിച്ചതിനുമാണ് കേസെടുത്തത്. പ്രതികൾ കാസർകോട്ടെ ജ്വല്ലറികളിൽ വില്പന നടത്തിയ 29 പവൻ സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ മേൽനോട്ടത്തിൽ ഡി സി ആർ ബി ഡിവൈഎസ്പി കെ ജെജോൺസൺ, കാസർകോട് വനിത പൊലീസ് സ്റ്റേഷൻ എസ്ഐ കെ അജിത, സൈബർ സെൽ എസ്ഐ പി കെ അജിത്ത്, കാസർകോട് ടൗൺ എഎസ്ഐ പി സുഭാഷ്, ക്രൈംബ്രാഞ്ച് എഎസ്ഐ കെ ടി എൻ സുരേഷ്, കാസർകോട് ടൗൺ എസ് സി പി ഒ എൻ വി രഘു, ക്രൈംബ്രാഞ്ച് എസ് സി പി ഒ പ്രവീണ എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ സംഘം.
#GafoorHajiCase #Shamina #Witchcraft #KeralaCrime #Investigation #JewelTheft