Online Fraud | ഓണ്‍ലൈൻ വഴി യുവതിക്ക് ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്തു; ഡെൽഹി സ്വദേശികളായ 2 പേരെ വലയിലാക്കി സൈബര്‍ പൊലീസ്

 


കല്‍പ്പറ്റ: (KVARTHA) ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡെല്‍ഹി സ്വദേശികളെ വലയിലാക്കി വയനാട് സൈബര്‍ പൊലീസ്. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഡെല്‍ഹി ഉത്തംനഗര്‍ സ്വദേശി ബല്‍രാജ് കുമാര്‍ വര്‍മ്മ(43), ബീഹാര്‍ സ്വദേശിയായ നിലവില്‍ ഡെല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന രവി കാന്ത്കുമാര്‍ (33) എന്നിവരാണ് പിടിയിലായത്.

Online Fraud | ഓണ്‍ലൈൻ വഴി യുവതിക്ക് ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്തു; ഡെൽഹി സ്വദേശികളായ 2 പേരെ വലയിലാക്കി സൈബര്‍ പൊലീസ്

ദുബൈയിലെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുല്‍പള്ളി സ്വദേശിനിയില്‍ നിന്നുമാണ് പ്രതികൾ പണം തട്ടിയത്. കഴിഞ്ഞ മാര്‍ച് മാസത്തിലാണ് യുവതി തട്ടിപ്പിനിരയായത്. ജോലിക്കായി പ്രമുഖ ഓണ്‍ലൈന്‍ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവതിയുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം.

യുവതിയെ ബന്ധപ്പെട്ട തട്ടിപ്പ് സംഘം അവരുടെ വ്യാജ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് യുവതിയുടെ വിശ്വാസം നേടിയെടുക്കുകയും പിന്നീട് വിവിധ ആവശ്യങ്ങളിലേക്ക് എന്നു പറഞ്ഞ് പല സമയങ്ങളിലായി ലക്ഷങ്ങള്‍ വാങ്ങിയെടുക്കുകയുമായിരുന്നുവെന്നാണ് പരാതി. പിന്നീട് തട്ടിപ്പ് മനസിലാക്കിയ ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പണം വാങ്ങിയ ബാങ്ക് അകൗണ്ടുകള്‍ ബീഹാറിലും പരാതിക്കാരിയെ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഡെല്‍ഹിയിലുമാണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സിം കാര്‍ഡുകള്‍ എടുക്കുന്നതിനും ബാങ്ക് അകൗണ്ടുകള്‍ തുടങ്ങുന്നതിനും തട്ടിപ്പുകാര്‍ തിരിച്ചറിയല്‍ രേഖകളിലെ മേല്‍വിലാസം വ്യാപകമായി തിരുത്തുന്നതായി അന്വേഷണത്തില്‍ നിന്നും മനസിക്കിയ പൊലീസ് സംഘത്തിന് മൊബൈല്‍ നമ്പറുകളും ബാങ്ക് അകൗണ്ടുകളും സംഘടിപ്പിച്ചു നല്‍കുന്ന ഉത്തംനഗര്‍ സ്വദേശിയായ ബല്‍രാജ് കുമാര്‍ വര്‍മ്മയെ ആദ്യം പിടികൂടി.

തുടർന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബീഹാര്‍ സ്വദേശിയും എംസിഎ ബിരുദധാരിയുമായ രവി കാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും വ്യാജ ജോബ് വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിനുള്ള സോഴ്‌സ് കോഡ്, വെബ്‍സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വര്‍ വിവരങ്ങള്‍, നിരവധി ബാങ്ക് അകൗണ്ടുകള്‍, സിം കാര്‍ഡുകള്‍, പാസ് ബുക്, ചെക് ബുകുകള്‍, ലാപ് ടോപുകള്‍ എന്നിവ പിടിച്ചെടുത്തു. ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ട്രാന്‍സിറ്റ് വാറന്റ് വാങ്ങി കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വയനാട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ഷജു ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെഎ അബ്ദുള്‍ സലാം, അബ്ദുള്‍ ശുകൂര്‍, എംഎസ് റിയാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിസണ്‍ ജോര്‍ജ്, റിജോ ഫെര്‍ണാണ്ടസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Keywords: News, Malayalam News, Kalpatta News, Online Fraud, Cyber Police, Extorting money by offering jobs online; 2 arrested. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia