Fraud | വണ്ണം കുറയ്ക്കാന്‍ യുവതിക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയതായി പരാതി; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍
● കഴിഞ്ഞ വര്‍ഷം മേയ് 24-നാണ് സംഭവം.
● കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്.
● കോസ്മറ്റോളജിയില്‍ ഒരുവര്‍ഷത്തെ പഠനം മാത്രം.
● സര്‍ജറിയില്‍ പ്രാവീണ്യമില്ലെന്ന് കണ്ടെത്തല്‍.
കൊച്ചി: (KVARTHA) വ്യാജ ഡോക്ടര്‍ ചമഞ്ഞ് വണ്ണം കുറയ്ക്കാന്‍ യുവതിക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടപടി. കൊച്ചിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പരിധിയിലെ സജു സഞ്ജീവാണ് (Saju Sajeev-27) അറസ്റ്റിലായത്.
ഡോക്ടറാണെന്നും കോസ്മറ്റോളജി ചികിത്സയിലും സര്‍ജറിയിലും പ്രാഗല്‍ഭ്യമുണ്ടെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയെ വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞ വര്‍ഷം മേയ് 24-ന് കടവന്ത്രയിലെ മെഡിഗ്ലോ എന്ന സ്ഥാപനത്തിലായിരുന്നു താക്കോല്‍ദ്വാര ശസ്ത്രക്രിയ. അതുകൊണ്ട് വണ്ണംകുറയാതെ വന്നതിനെത്തുടര്‍ന്ന് ജൂണ്‍ 11ന് യുവതിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാല്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവില്‍ ഗുരുതര അണുബാധയുണ്ടായി. വേദന കടുത്തതോടെ ജീവനുതന്നെ ഭീഷണിയാകുമെന്നുറപ്പായ യുവതി പൊലീസില്‍ പരാതിപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസ് സജുവിനെ അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ കോസ്മറ്റോളജിയില്‍ ഒരുവര്‍ഷത്തെ പഠനം മാത്രമേ ഇയാള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നും സര്‍ജറിയില്‍ പ്രാവീണ്യമില്ലെന്നും കണ്ടെത്തി.
#fakedoctor #medicalfraud #surgery #Kerala #India #healthscam #arrest