Fraud | വ്യാജ കോടതിക്കും ടോൾ ബൂത്തിനും പിന്നാലെ ഗുജറാത്തിൽ വ്യാജ ഇഡി റെയ്ഡും! കുടുക്കിയത് ജ്വല്ലറി ഉടമയെ; അറസ്റ്റിലായത് 12 പേർ; വീഡിയോ പുറത്ത് 

 
Fake ED Raid Shocks Gujarat, 12 Arrested
Fake ED Raid Shocks Gujarat, 12 Arrested

Photo Credit: Screenshot from a X video by Prashant Gupta

● പ്രതികൾ കടയിലും ഉടമയുടെ വസതിയിലും റെയ്ഡ് നടത്തി.
● വിശ്വാസം നേടിയ ശേഷം കുടുംബത്തെ സമ്മർദത്തിലാക്കി. 
● എഐ രീതികൾ ഉപയോഗിച്ചാണ് അന്വേഷണം നടത്തിയത്.

അഹ്‌മദാബാദ്: (KVARTHA) സുരക്ഷാ ഏജൻസികളെ ഞെട്ടിച്ച ഗുജറാത്തിലെ കച്ചിൽ ജ്വല്ലറികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരായി ചമഞ്ഞ്  നടത്തിയ വ്യാജ റെയ്‌ഡ്‌ പുറത്തായതിന് പിന്നാലെ സംഭവത്തിൻ്റെ വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്. വീഡിയോയിൽ, വ്യാജ ഉദ്യോഗസ്ഥർ വീട്ടുകാരെ പരിചയപ്പെടുത്തുകയും വിവരം പുറത്തു പറയാതിരിക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നത് കാണാം. ഈ പുതിയ വെളിപ്പെടുത്തലുകൾ സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുകയും അന്വേഷണത്തിന് പുതിയ ദിശ നൽകുകയും ചെയ്യുന്നു.


സംഭവത്തിൽ 12 പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ രണ്ടാം തീയതി രാധിക ജ്വല്ലേഴ്സിനെ ലക്ഷ്യമിട്ട് പ്രതികൾ കടയിലും ഉടമയുടെ വസതിയിലും റെയ്ഡ് നടത്തി. കോട്ട് ധരിച്ച ഒരാൾ തന്റെ ഐഡൻറിറ്റി കാർഡ് കാണിച്ച് അങ്കിത് തിവാരി എന്ന് സ്വയം പരിചയപ്പെടുത്തി. അവരുടെ വിശ്വാസം നേടിയ ശേഷം, ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, സഹകരിച്ചാൽ കാര്യങ്ങൾ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നും അവകാശപ്പെട്ടു. സഹകരിക്കാതിരുന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നും, മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞ് കുടുംബത്തെ സമ്മർദത്തിലാക്കി. 


വിലപിടിച്ച വസ്തുക്കൾ കാണാതായതിനെ തുടർന്ന് കടയുടമ ഗുജറാത്തിലെ ഗാന്ധിധാം എ-ഡിവിഷൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഈസ്റ്റ് കച്ച് ലോക്കൽ ക്രൈം ബ്രാഞ്ച് (എൽസിബി) അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു. സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ ആധുനിക സാങ്കേതിക വിദ്യകൾ, എഐ തുടങ്ങിയ പുതിയ രീതികൾ ഉപയോഗിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഭുജ്, ഗാന്ധിധാം, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.

ഓപ്പറേഷന് നേതൃത്വം നൽകുകയും മുഖ്യ ഇഡി ഉദ്യോഗസ്ഥനായി അഭിനയിക്കുകയും ചെയ്ത  ഷൈലേന്ദ്ര ദേശായി ഉൾപ്പെടെയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് ഡിആർഎം ഓഫീസിൽ വിവർത്തകനായി ജോലി ചെയ്യുകയായിരുന്നു ദേശായി. സംഘത്തിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. പ്രതികളിലൊരാൾ മുൻപ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മറ്റ് സംശയാസ്പദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. 

വ്യാജ ഇഡി സംഘം മൂന്ന് മണിക്കൂറിലധികം സമയം ജ്വല്ലറിയിലും ഉടമയുടെ വസതിയിലും ചെലവഴിച്ച് കൃത്യതയോടെ റെയ്ഡ് നടത്തി. ജ്വല്ലറുടെ രേഖകൾ പരിശോധിക്കുകയാണെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ ഇതിനിടയിൽ സമർഥമായി മോഷണം നടത്തുകയായിരുന്നു സംഘം. സംഘം പോയ ശേഷം ആഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലാക്കിയ ഉടമ  സ്റ്റോക്ക് പരിശോധിച്ചപ്പോൾ സ്വർണ ആഭരണങ്ങൾ, വെള്ളി വസ്തുക്കൾ, പണയം എന്നിവ കാണാതായതായി കണ്ടെത്തി. സംഘത്തെ പിന്തുടർന്ന പൊലീസ് 45.82 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ കണ്ടെടുത്തു.

ഇവർ റെയ്ഡിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങളും ഒരു ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ സമാനമായി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ് പൊലിസ്. നേരത്തെ ഒക്ടോബറിൽ വ്യാജ കോടതി നിർമിച്ച് വ്യാജ ജഡ്‌ജായി അഞ്ച് വർഷം ആളുകളെ കബളിപ്പിച്ച യുവാവ് ഗുജറാത്തിൽ അറസ്റ്റിലായിരുന്നു. അധികൃതരുടെ മൂക്കിൻ തുമ്പിലാണ് വ്യാജ കോടതി നടത്തി പറ്റിച്ചുവന്നവർ പിടിയിലായത്. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ്‌ ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തിയത്‌.


കഴിഞ്ഞ ഡിസംബറിൽ ഗുജറാത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ ബൂത്ത് നിർമിച്ച് ഒന്നരവർഷംകൊണ്ട് ഒരുസംഘം 75 കോടി രൂപ പിരിച്ചെടുത്തതും അധികൃതരെ ഞെട്ടിച്ചിരുന്നു. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻ.എച്ച്. എട്ട് എ യിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോൾഗേറ്റ് പ്രവർത്തിച്ചിരുന്നത്. ഇതിനിടയിലാണ് വ്യാജ ഇ ഡി റെയ്‌ഡും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

#GujaratCrime #FakeEDRaid #JewelryRobbery #IndiaNews #ScamAlert


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia