Injustice | വളക്കച്ചവടക്കാരനെ പോക്സോ കേസില്‍ കുടുക്കി; ജയിലില്‍ കിടന്നത് മാസങ്ങളോളം; ഒടുവില്‍ കോടതിയില്‍ നിന്ന് നീതി; ഒരു ആള്‍ക്കൂട്ട ആക്രമണത്തില്‍ സംഭവിച്ചത്!

 
Falsely Accused and Imprisoned: A Tale of Injustice
Falsely Accused and Imprisoned: A Tale of Injustice

Photo Credit: Screenshot from a X video by Mohammed Zubair

● കള്ളക്കേസാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.
● നടത്തിയത് മൂന്ന് വര്‍ഷത്തെ നിയമപോരാട്ടം.
● 2024 ഡിസംബര്‍ രണ്ടിന് കോടതി കുറ്റവിമുക്തനാക്കി.

ആദിത്യന്‍ ആറന്മുള 
(KVARTHA) ജാതി, മതം, ഭക്ഷണം, തൊഴില്‍, പ്രണയം എന്നിവയുടെ പേരില്‍ മനുഷ്യരെ കൂട്ടംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെത്തുന്നത് ഉത്തരേന്ത്യയില്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. മുസ്ലിംങ്ങളെ ദളിതരെയും ലക്ഷ്യമിട്ടാണ് ഹിന്ദുത്വ ശക്തികള്‍ ഇത്തരം അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ ആര്യന്‍ ശര്‍മ എന്ന യുവാവ് ഗോസംരക്ഷകരുടെ അതിക്രമത്തില്‍ രണ്ട് മാസം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ആള് മാറി നടത്തിയ ആക്രമണമായിരുന്നു അത്. മുസ്ലിം കച്ചവടക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമങ്ങള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുകയാണ്. അത്തരത്തിലൊരു സംഭവത്തെ കുറിച്ച് പറയാം,

ഉത്തര്‍പ്രദേശിലെ ഇന്‍ഡോറിലെ ബംഗംഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ന്യൂ ഗോവിന്ദ് നഗറില്‍ വളകള്‍ വില്‍ക്കുകയായിരുന്നു തസ്ലീം. ആരോ അയാളെ വിളിച്ച് പേര് ചോദിച്ചു. തസ്ലീം എന്ന് പറഞ്ഞ് തീരുംമുമ്പ് ഒരു സംഘം അയാളെ  മര്‍ദ്ദിക്കാന്‍ തുടങ്ങി, മൊബൈല്‍ തകര്‍ക്കുകയും മറ്റുള്ളവരോട് അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 2021 ഓഗസ്റ്റ് 21നായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് പരാതി കൊടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോലീസിനെ സമീപിച്ചപ്പോള്‍, തസ്ലിമിന്റെ കൂടെ ചെന്നവര്‍ക്കെതിരെയും കേസെടുത്തു. 

ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് സ്വദേശിയായ തസ്ലിം തന്റെ ഏഴംഗ കുടുംബത്തെ പോറ്റുന്നതിനാണ് മധ്യപ്രദേശിലെത്തി കച്ചവടം നടത്തിവന്നിരുന്നത്. ആക്രമണത്തിനിടെ  ഇയാളുടെ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി, പലരും തസ്ലീമിനെ സഹായിക്കാന്‍ മുന്നോട്ടുവന്നു. എന്നാല്‍ പോക്സോ, പീഡനം, വഞ്ചന എന്നിവ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ പ്രകാരമാണ് തസ്ലിമിനെതിരെ കേസെടുത്തത്. വളകള്‍ വില്‍ക്കുന്നതിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തസ്ലീം പീഡിപ്പിച്ചുവെന്നാണ് ജനക്കൂട്ടം ആരോപിച്ചത്. അറസ്റ്റിലായി 108 ദിവസം ജയിലില്‍ കിടന്നു. പിന്നീട് ജാമ്യം ലഭിച്ചു.

കള്ളക്കേസാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നതിനാല്‍ തനിക്കും കുടുംബത്തിനും ഒരു അപമാനവും നേരിടേണ്ടിവന്നില്ലെന്ന് തസ്ലിം പറഞ്ഞു. കച്ചവടത്തിനാണ് അവിടെ പോയത്, ആ പ്രദേശം മുഴുവന്‍ കച്ചവടം നടത്തിയിരുന്നു. അതുകൊണ്ട് എല്ലാവരേയും അറിയാം. എനിക്ക് മൂന്ന് പെണ്‍മക്കളുണ്ട്,  മറ്റൊരാളുടെ മകളെ ഉപദ്രവിക്കേണ്ട കാര്യമില്ല. എന്നെ ഇന്‍ഡോറിലെ ജയിലിലടച്ചപ്പോള്‍, എന്റെ അമ്മ,  ഭാര്യ, പെണ്‍മക്കള്‍ എല്ലാവരും എന്നെ കാണാന്‍ വന്നു. മൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം 2024 ഡിസംബര്‍ രണ്ടിന് കോടതി തസ്ലീമിനെ കുറ്റവിമുക്തനാക്കി.

'ആ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല. അന്നാദ്യമായാണ് ഒരു പോലീസ് സ്റ്റേഷനോ, ജയിലോ കാണുന്നത്. കുറ്റവിമുക്തനാക്കിയതിനാല്‍  എല്ലാവരോടും ക്ഷമിക്കുന്നു. ഞാന്‍ ഭരണഘടനയില്‍ വിശ്വസിച്ചു, എനിക്ക് നീതി ലഭിച്ചു' തസ്ലിം പറഞ്ഞു. ആള്‍ക്കൂട്ടം ഇയാളുടെ ബാഗില്‍ നിന്ന് വ്യത്യസ്ത പേരുകളുള്ള രണ്ട് ആധാര്‍ കാര്‍ഡുകളും കണ്ടെത്തിയിരുന്നെന്ന് അവകാശപ്പെട്ടിരുന്നു. ഒന്ന് തസ്ലീം എന്നും മറ്റൊന്ന് അസ്ലീം എന്നും. എന്നാല്‍ എഫ്ഐആര്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കി. തസ്ലീമിന്റെ ആധാറും വോട്ടര്‍ ഐഡിയും യഥാര്‍ത്ഥമാണെന്ന് കണ്ടെത്തി, വഞ്ചനയ്ക്ക് തെളിവുകളൊന്നും ഹാജരാക്കാനായില്ല. 

തസ്ലീം ഹിന്ദു പേരില്‍ വളകള്‍ വില്‍ക്കുകയാണെന്നും രണ്ട് വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയെന്നും അന്നത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നും പേര് ഒപ്പിടാന്‍ മാത്രമേ അറിയൂ എന്നും തസ്ലീം വിശദീകരിച്ചു. രണ്ട് ആധാര്‍ കാര്‍ഡുകള്‍ ഉണ്ടെന്നത് സത്യമാണ്. രണ്ടിനും ഒരേ നമ്പറാണ്. ഒന്ന് എന്റെ വാലറ്റിലും മറ്റൊന്ന് കുട്ടികള്‍ സൂക്ഷിച്ചിരുന്ന ബാഗിലുമായിരുന്നു. 

ഗ്രാമത്തില്‍ രണ്ട് പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് ഇപ്പോഴത്തെയും മുന്‍പ് താമസിച്ച ഗ്രാമത്തത്തിലെയും തലവന്മാര്‍ സാക്ഷ്യപ്പെടുത്തി. ഈ ഇരട്ട ഐഡന്റിറ്റി കാരണം പേരിലും കുടുംബപ്പേരിലും പിശകുകള്‍ സംഭവിച്ചെന്നും പറഞ്ഞു.  പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം തസ്ലീമിന് 1.2 ലക്ഷം രൂപ ധനസഹായം ലഭിച്ചിട്ടുമുണ്ട്. തസ്ലീം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നോ അയാളുടെ വ്യക്തിത്വം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നോ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് പ്രത്യേക പോക്സോ കോടതി ജഡ്ജ് വിധിയില്‍ പറഞ്ഞു.

ജയില്‍മോചിതനായ തസ്ലീം മധ്യപ്രദേശ് വിട്ട്  മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് വളകള്‍ വില്‍ക്കുന്നത്. വീടുവീടാന്തരം വില്‍പന ഒഴിവാക്കി പകരം മേളകളില്‍ സ്റ്റാളുകള്‍ സ്ഥാപിച്ചാണ് കച്ചവടം. അന്നത്തെ സംഭവം വല്ലാതെ വേദനിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. തസ്ലീമിനെ സഹായിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരും പൗരസംഘടനകളും മുന്നിട്ടിറങ്ങിയിരുന്നുു. മധ്യപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്  സംസ്ഥാന കോര്‍ഡിനേറ്റര്‍ സായിദ് പത്താന്‍ തസ്ലീമിനെ പിന്തുണച്ച 28 പേരില്‍ ഒരാളാണ്. 

'പോലീസിന്റെ സഹായം തേടുന്നതിനിടയില്‍ കലാപത്തിന് പ്രേരിപ്പിച്ചതിനും ക്രമസമാധാനം തകര്‍ത്തതിനും ഞങ്ങള്‍ക്കെതിരെ കേസെടുത്തെന്ന് അദ്ദേഹം പറഞ്ഞു. പരാതിക്കാരി  കോടതിയില്‍ തസ്ലീമിനെ തിരിച്ചറിഞ്ഞില്ലെന്ന് അയാളുടെ അഭിഭാഷകന്‍ ഷെയ്ഖ് അലീം പറഞ്ഞു. പോലീസ് ഹാജരാക്കിയ മൊഴികള്‍ പെണ്‍കുട്ടിയുടേതായിരുന്നില്ല. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് ദിവസമെടുത്തത് കൂടുതല്‍ സംശയാസ്പദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി അഭിഭാഷകനായ എഹ്തേഷാം ഹാസ്മിയാണ് തസ്ലിമിന് വേണ്ടി ആദ്യം കേസ് നടത്തിയത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ 2023 ഫെബ്രുവരിയില്‍ അന്തരിച്ചു. അദ്ദേഹമാണ് ജാമ്യം നേടിക്കൊടുത്തത്. ഫീസ് പോലും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നിട്ടും അദ്ദേഹം സഹായിച്ചു. 'എഹ്തേഷാം ഹാഷ്മിയുടെ സമാനതകളില്ലാത്ത പോരാട്ടമാണ് നടത്തിയത്. അദ്ദേഹം സ്ഥിരമായി ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് വിമാനത്തിലെത്തി. കോടതിയില്‍ മണിക്കൂറുകളോളം ചെലവഴിച്ചു, എല്ലാ ചെലവുകളും സ്വയം വഹിച്ചു,  തസ്ലീമിന് നീതി ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.- അദ്ദേഹത്തിന്റെ ജൂനിയറായ ജ്വാലന്ത് സിംഗ് ചൗഹാന്‍ പറഞ്ഞു.



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia