Judgement | ഈ അധമന് ഇത്ര ശിക്ഷ മതിയോ? 'മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി'
 

 
 Father Sentenced to Life Imprisonment for Immoral Abuse of Daughter
 Father Sentenced to Life Imprisonment for Immoral Abuse of Daughter

Representational Image Generated By Meta AI

ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജ് എം.പി.ഷിബു

തിരുവനന്തപുരം: (KVARTHA) മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിതാവിന് മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ചതിനൊപ്പം 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കാനും കോടതി വിധിച്ചു. 

തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജ് എം.പി.ഷിബുവാണു ശിക്ഷ വിധിച്ചത്.  പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷകയായ വി.സി.ബിന്ദു എന്നിവര്‍ ഹാജരായി. 

സംഭവം ഇങ്ങനെ: 

കുട്ടിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പിതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്. 2023ല്‍ 15-ാം വയസിലാണ് പെണ്‍കുട്ടി പിതാവ് പീഡിപ്പിക്കുന്ന വിവരം ക്ലാസ് ടീച്ചറോടു പറഞ്ഞത്. ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തി തുണി മാറാന്‍ മുറിയില്‍ കയറിയപ്പോള്‍ പിതാവ് ഒപ്പം കയറി പീഡിപ്പിച്ചു. ആ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതോടെ കുട്ടി മാനസികമായി തകര്‍ന്നു. 

പിറ്റേന്ന് സ്‌കൂളില്‍ എത്തിയ കുട്ടി വല്ലാതെ മാനസികവിഷമം അനുഭവിക്കുന്നതായി സംശയം തോന്നിയ ടീച്ചര്‍ ചോദിച്ചപ്പോഴാണ് വര്‍ഷങ്ങളായി പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ ടീച്ചര്‍ ചൈല്‍ഡ് ലൈന്‍ വഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.


എന്നാല്‍ കുട്ടിയുടെ രണ്ടാനമ്മ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ കഴിവതും ശ്രമിച്ചു. ഇംഗ്ലീഷ് പരീക്ഷ നടന്ന ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പീഡനം നടത്തിട്ടില്ലെന്നുമാണ് പ്രതിയുടെ രണ്ടാം ഭാര്യ കോടതിയില്‍ മൊഴി നല്‍കിയത്. എന്നാല്‍ മറ്റു പരീക്ഷകള്‍ നടന്നത് ഏത് ദിവസങ്ങളിലാണെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരം മുട്ടിയതോടെ പറഞ്ഞത് കളവാണെന്ന് തെളിയുകയായിരുന്നു. ചെറുപ്പത്തില്‍ അമ്മ മരിച്ചതിനു ശേഷം പിതാവിന്റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. 

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. എന്നാല്‍ അമ്മയുടെ ബന്ധുക്കളോ പിതാവിന്റെ ബന്ധുക്കളോ ഇല്ലാതിരുന്നതിനാല്‍ ആരോടും പറയാന്‍ കഴിയാതെ കുട്ടി ക്രൂരത സഹിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ തിരികെ വീട്ടില്‍ എത്തുമ്പോള്‍ പിതാവ് അപായപ്പെടുത്തുമെന്നായിരുന്നു കുട്ടിയുടെ ഭയം. പീഡനവിവരം പുറത്തു പറഞ്ഞതിനു ശേഷം കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്.

 #CrimeNews #KeralaVerdict #POCSOAct #ChildRights #JusticeServed #LifeImprisonment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia