Capture | 'ദേശീയപാതയോരത്ത് അഞ്ചാം തവണയും മാലിന്യം തള്ളാനെത്തി'; ലോറികളുമായി 4 പേർ പൊലീസ് പിടിയിലായി
പൊലീസ് സംഘം രണ്ട് ദിവസമായി ഉറക്കമില്ലാതെ വലച്ച് വിരി കാത്തിരിക്കുകയായിരുന്നു
പയ്യന്നൂർ: (KVARTHA) പ്രദേശവാസികളുടെ ജീവിതത്തെ കടുത്ത ദുർഗന്ധത്തിൽ ദുസഹമാക്കി അഞ്ചാം തവണയും കക്കൂസ് മാലിന്യം പയ്യന്നൂരിൽ തള്ളാനെത്തിയ രണ്ട് ടാങ്കർ ലോറികളുമായി നാലുപേരെ പയ്യന്നൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ടാങ്കർ ഡ്രൈവർമാരായ കാസർകോട് സ്വദേശികളായ അബ്ബാസ്(37), അബ്ദുൽ റഹീം (40), സഹായികളായ ഫർഹാസ് (23), കുഞ്ചത്തൂരിലെ അലീം (28) എന്നിവരാണ് പിടിയിലായത്.
ഡിവൈഎസ്പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ കെ സുഹൈൽ, സ്പെഷ്യൽ ബ്രാഞ്ച് എ. എസ്.ഐ മനോജൻ മമ്പലം, സിവിൽ പോലീസ് ഓഫീസർ അബ്ദുൽ ജബ്ബാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കെ.എൽ. 26 ബി.3984, കെ.എൽ.19. സി. 6480 എന്നീ ടാങ്കറുകളിൽ കക്കൂസ് മാലിന്യം എത്തിച്ച് തള്ളാൻ ഒരുങ്ങുന്നതിനിടെ ഏച്ചിലാംവയലിൽ വെച്ച് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് കോത്തായി മുക്കിൽ ദേശീയപാതക്ക് സമീപം മൂന്ന് തവണ സംഘം കക്കൂസ് മാലിന്യം തള്ളിയിരുന്നു. ദുർഗന്ധം കാരണം നാട്ടുകാർ ദുരിതത്തിലായതോടെ നഗരസഭാ കൗൺസിലറും ചെയർപേഴ്സൺ കെ.വി.ലളിതയും ഡിവൈ.എസ്.പിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. തുടർന്ന് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം നിരീക്ഷണ ക്യാമറകളും മറ്റും പരിശോധിച്ച പോലീസ് സംഘം രണ്ട് ദിവസമായി ഉറക്കമില്ലാതെ വലച്ച് വിരി കാത്തിരിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ ടാങ്കർ ലോറിയുമായി സംഘം പിടിയിലായത്.
പകർച്ചവ്യാധി നിയന്ത്രണ വകുപ്പുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറിയും കസ്റ്റഡിലെടുത്തിട്ടുണ്ട്.