Attacked | 'പയ്യന്നൂരിൽ പീഡനക്കേസ് പ്രതിയുടെ വെൽനെസ് സെൻ്ററും ജിംനേഷ്യവും നാലംഗ സംഘം അടിച്ചുതകർത്തു'
പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു അക്രമം
കണ്ണൂർ: (KVARTHA) ചികിത്സയ്‌ക്കെത്തിയ 20 വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ഫിസിയോ തെറാപിസ്റ്റിൻ്റെ സ്ഥാപനം ഒരു സംഘം അടിച്ചു തകർത്തതായി പരാതി. സംഭവത്തിൽ നാലുപേരെ പയ്യന്നൂർ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ജീവൻ ജോർജിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. ശരത് നമ്പ്യാർ (42) എന്നയാളെയാണ് പീഡനക്കേസിൽ രാവിലെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു അക്രമം. സ്ഥലത്തെത്തിയ പൊലീസ് പ്രതികളിൽ ചിലരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്‌നസ് ആൻഡ് ജിം സ്ഥാപനമാണ് അടിച്ചു തകർത്തത്.
തിങ്കളാഴ്ച ഉച്ചക്ക് സ്ഥാപനത്തിൽ വെച്ച് 20കാരിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഇവിടെ നിന്നും പുറത്തിറങ്ങിയ ഉടന്‍ യുവതി വീട്ടുകാരുമായി എത്തി പയ്യന്നൂര്‍ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ ശരത് നമ്പ്യാരെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു. ജില്ലയിലെ ഉന്നത കോൺഗ്രസ് നേതാവിൻ്റെ മകനാണ് പ്രതി.