Scam | 150 ബന്ധുക്കള്‍ക്കൊപ്പം വിവാഹത്തിന് എത്തിയപ്പോള്‍ വധു ഇല്ല, കുടുംബക്കാരും; പ്രവാസിക്ക് കിട്ടിയ വിചിത്രമായ പണി!
● വധുവും കുടുംബവും അപ്രത്യക്ഷരായിരുന്നു.
● അറിയിച്ചപോലെ സ്വീകരിക്കാന്‍ ആരും എത്തിയില്ല.
● 50,000 രൂപ മുന്‍കൂര്‍ തുകയും നല്‍കി.
അമൃത്സര്‍: (KVARTHA) പഞ്ചാബിലെ മൊഗയില്‍ നടന്ന വിചിത്രമായ വിവാഹ തട്ടിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. ദുബൈയില്‍ പ്രവാസിയായ 24 കാരനായ ദീപക് കുമാര്‍, ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് വര്‍ഷമായി പ്രണയിച്ച മന്‍പ്രീത് കൗര്‍ എന്ന യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇരുവരും ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ മാത്രം പരിചയപ്പെട്ടവരായിരുന്നു.
വിവാഹത്തിന് 150 ബന്ധുക്കളുമായി ലന്ധറിലെ മാണ്ഡിയാലി ഗ്രാമത്തില്‍ നിന്ന് മൊഗയിലെ വധുവിന്റെ നാട്ടിലെത്തിയ ദീപകിനെ കാത്തിരുന്നത് വലിയ നിരാശയായിരുന്നു. വധുവും കുടുംബവും അപ്രത്യക്ഷരായിരുന്നു. വധുവിന്റെ കുടുംബാംഗങ്ങള്‍ സ്വീകരിക്കാന്‍ എത്തുമെന്ന് ഫോണിലൂടെ പറഞ്ഞിരുന്നുവെങ്കിലും ആരും എത്തിയില്ല.
വിവാഹ വേദിയെന്നു പറഞ്ഞ 'റോസ് ഗാര്‍ഡന്‍ പാലസ്' എന്ന സ്ഥലത്തെക്കുറിച്ച് നാട്ടുകാരോട് ചോദിച്ചെങ്കിലും മോഗയില്‍ അങ്ങനെയൊരു സ്ഥലമില്ലെന്ന് അവര്‍ അറിയിച്ചു. വധുവിന്റെ 'കുടുംബാംഗങ്ങളുമായുള്ള' ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപക് വിവാഹത്തിന് തീരുമാനിച്ചത്. 50,000 രൂപ മുന്‍കൂര്‍ തുകയും അദ്ദേഹം വധുവിന്റെ കുടുംബത്തിന് അക്കൗണ്ടിലൂടെ നല്‍കിയിരുന്നു.
150 ബന്ധുക്കള്‍ക്കൊപ്പമാണ് താന്‍ വിവാഹത്തിന് എത്തിയതെന്നും നേരത്തെ തന്നെ ടാക്‌സികള്‍ വാടകയ്ക്കെടുക്കുകയും കാറ്ററിങ്ങിനുള്ള പണം നല്‍കുകയും വീഡിയോഗ്രാഫര്‍ക്ക് പണം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ദീപക്കിന്റെ അച്ഛന്‍ പ്രേം ചന്ദ് പറഞ്ഞു.
മൊഗ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍ജിന്ദര്‍ സിംഗ് ദീപക് കുമാറില്‍ നിന്ന് പരാതി ലഭിച്ചതായി സ്ഥിരീകരിച്ചു. വരന്റെ കുടുംബത്തിന് വധുവിനെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ അവളുടെ ഫോണില്‍ വിളിച്ചെങ്കിലും ഓഫായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍, സോഷ്യല്‍ മീഡിയയുടെ അപകടങ്ങളെക്കുറിച്ച് നെറ്റിസന്‍സ് വീണ്ടും ഓര്‍മ്മിപ്പിച്ചു. പലരും ദീപകിനോട് സഹതാപം പ്രകടിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയിലെ പ്രണയത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നു. 'ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്താമെന്നും മറ്റൊരാളുടെ ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിക്കാമെന്നും ഈ യുവാവിന് അറിയില്ലേ? മറ്റുള്ളവരെയും മണ്ടന്മാരാക്കി', ഒരു ഉപയോക്താവ് കുറിച്ചു
ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാന്‍, നേരിട്ടുള്ള പരിചയമില്ലാത്ത ആളുകളുമായി വിവാഹം പോലുള്ള പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് പൊലീസും വ്യക്തമാക്കി.
#weddingscam #onlinedating #fraud #India #Punjab #socialmedia #marriage
VIDEO | "Deepak Kumar, son of Prem Chand of village Madiala, Jalandhar became friends with a girl named Manpreet Kaur on social media. Their friendship became so deep that both decided to get married but neither of them met each other nor did anyone ever see each other. Today,… pic.twitter.com/vty9XR0ya0
— Press Trust of India (@PTI_News) December 7, 2024