വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു; കൂടെയുണ്ടായിരുന്ന സഹോദരിയെ കാണാനില്ല, മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്
Dec 29, 2021, 09:56 IST
പറവൂര്‍: (www.kvartha.com 29.12.2021) പറവൂരില്‍ വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു. കൂടെ താമസിച്ചിരുന്ന സഹോദരിയെ കാണാനില്ല. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ രണ്ടു പെണ്മക്കളില് ഒരാളാണ് മരിച്ചത്. എന്നാല്‍ ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂത്ത മകള്‍ വിസ്മയയാണ് മരിച്ചതെന്ന് ആഭരണങ്ങള്‍ കണ്ട് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. വീടിനകത്തുനിന്ന് പുക ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും നഗരസഭാ കൗണ്‍സിലറേയും അറിയിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശിവാനന്ദന്, ഭാര്യ ജിജി, പെണ്മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. രണ്ടാമത്തെ മകള്‍ ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണ് സംഭവം. ഡോക്ടറെ കാണാന്‍ ജിജി രാവിലെ 11 മണിയോടെ ശിവാനന്ദനുമൊന്നിച്ച് ആലുവയില്‍ പോയി. 12 മണിയോടെ മൂത്തമകള്‍ വിസ്മയ ഇവരെ വിളിച്ച് എപ്പോള്‍ വരുമെന്ന് തിരക്കി. രണ്ടുമണിക്ക് വീണ്ടും വിളിച്ച് വീട്ടില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞു.
മൂന്നുമണിയോടെ വീടിനകത്തുനിന്ന് പുക ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ 2 മുറികള്‍ പൂര്‍ണമായി കത്തി. അതില്‍ ഒന്നിലാണ് മൃതദേഹം കിടന്നിരുന്നത്.
മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോകെറ്റ് നോക്കി മൂത്തമകള്‍ വിസ്മയയാണ് മരിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
വിസ്മയയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്. വിസ്മയ ബിബിഎയും ജിത്തു ബിഎസ് സിയും പൂര്‍ത്തിയാക്കിയവരാണ്. ഇരുചക്ര വാഹനത്തില്‍ മീന്വില്പന നടത്തുന്ന ശിവാനന്ദനെ ഒരാഴ്ച മുന്‍പ് വീട്ടില്‍ പൂട്ടിയിട്ടു ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം എറണാകുളം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.